ലോകകപ്പ് ടിക്കറ്റിന് 50 ഡോളർ മാത്രം; ന്യൂയോർക്കുകാർക്കായി പ്രത്യേക പദ്ധതിയുമായി മേയർ സോഹ്രാൻ മംദാനി

ലോകകപ്പ് ടിക്കറ്റിന് 50 ഡോളർ മാത്രം; ന്യൂയോർക്കുകാർക്കായി പ്രത്യേക പദ്ധതിയുമായി മേയർ സോഹ്രാൻ മംദാനി


ന്യൂയോർക്ക്:  അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ന്യൂയോർക്ക് നഗരവാസികൾക്കായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനി. ഫിഫയുമായി നടത്തിയ ധാരണപ്രകാരം 50 ഡോളർ നിരക്കിൽ ആയിരം ടിക്കറ്റുകളാണ് നഗരവാസികൾക്ക് അനുവദിക്കുന്നത്.

ലോട്ടറി സംവിധാനത്തിലൂടെയാകും ടിക്കറ്റുകൾ വിതരണം ചെയ്യുക. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കായിരിക്കും ഈ ടിക്കറ്റുകൾ ഉപയോഗിക്കാനാവുക. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളും പദ്ധതിയിൽ ഉൾപ്പെടും. എന്നാൽ ജൂലൈ 19ന് നടക്കുന്ന ലോകകപ്പ് ഫൈനൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണിവ. തിരഞ്ഞെടുക്കപ്പെടുന്ന ആരാധകർക്ക് സ്റ്റേഡിയത്തിലേക്കും തിരിച്ചും സൗജന്യ ബസ് യാത്രയും നൽകും.

ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ സാധാരണ ആരാധകരെ കളിയിൽ നിന്ന് അകറ്റുന്നുവെന്ന വിമർശനം മേയർ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ മംദാനി ഉയർത്തിയിരുന്നു. 'ഈ കളിയെ പ്രത്യേകമാക്കുന്ന സാധാരണ ആരാധകരെയാണ് അമിത ടിക്കറ്റ് നിരക്കുകൾ പുറത്താക്കുന്നത്,' എന്നാണ് അദ്ദേഹം നേരത്തെ പ്രതികരിച്ചത്.

ഇക്കാര്യം മംദാനി നേരിട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുമായി ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സിറ്റി ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ, ആഴ്‌സനൽ എഫ്‌സിയുടെ ആരാധകനായ മംദാനിയെ മുൻ ആഴ്‌സനൽ പരിശീലകനും നിലവിലെ ഫിഫ ഗ്ലോബൽ ഫുടബോൾ വികസന മേധാവിയുമായ ആഴ്‌സെൻ വെംഗർയുമായി ഫേസ്‌ടൈമിലൂടെ പരിചയപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ടിക്കറ്റുകൾ ന്യൂയോർക്ക് നഗരവാസികൾക്ക് മാത്രമായിരിക്കും ലഭിക്കുക. അപേക്ഷകർ താമസ രേഖ സമർപ്പിക്കണം. 15 വയസിന് മുകളിലുള്ളവർക്ക് ലോട്ടറിയിൽ പങ്കെടുക്കാം. മേയ് 25നാണ് അപേക്ഷകൾ സ്വീകരിക്കുക. വിജയികളെ ജൂൺ ആദ്യം അറിയിക്കും. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റുകൾ വാങ്ങാനാകും.

ടിക്കറ്റുകളുടെ കരിഞ്ചന്ത തടയാൻ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാനാവില്ല. മത്സരദിവസം സ്റ്റേഡിയത്തിലേക്കുള്ള ബസിൽ കയറുന്നതിന് മുൻപായി നിശ്ചിത കേന്ദ്രങ്ങളിൽ വെച്ചായിരിക്കും ടിക്കറ്റുകൾ നൽകുക.

മറ്റ് ആതിഥേയ നഗരങ്ങളും സമാന ആവശ്യങ്ങൾ ഉന്നയിക്കുമെന്ന ആശങ്കയെ തുടർന്ന് ഫിഫ ആദ്യം പദ്ധതിയിൽ മടിച്ചെങ്കിലും, ന്യൂയോർക്ക്‌ന്യൂജഴ്‌സി സംഘാടകരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അനുമതി നൽകിയത്.