ചന്ദ്രയാൻ3ന് അമേരിക്കൻ ബഹിരാകാശ ലോകത്തിന്റെ പരമോന്നത ബഹുമതി

ചന്ദ്രയാൻ3ന് അമേരിക്കൻ ബഹിരാകാശ ലോകത്തിന്റെ പരമോന്നത ബഹുമതി


വാഷിംഗ്ടൺ ഡി.സി:   ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ചന്ദ്രയാൻ3 ദൗത്യത്തിന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ ബഹുമതികളിലൊന്ന് ലഭിച്ചു. അമേരിക്കൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഏറോനോട്ടിക്‌സ് ആൻഡ് ആസ്‌ട്രോനോട്ടിക്‌സ് (AIAA) ചന്ദ്രയാൻ3ന് 2026ലെ 'ഗോഡ്ഡാർഡ് ആസ്‌ട്രോനോട്ടിക്‌സ് അവാർഡ്' സമ്മാനിച്ചു.

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന AIAA ASCEND 2026 സമ്മേളനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി വിനയ് ക്വാത്ര ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ പേരിൽ ബഹുമതി ഏറ്റുവാങ്ങി.

ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയുടെ പിതാവായി അറിയപ്പെടുന്ന റോബർട്ട് എച്ച്. ഗോഡ്ഡാർഡ്യുടെ പേരിലാണ് ഈ പുരസ്‌കാരം നൽകുന്നത്. ബഹിരാകാശ ഗവേഷണരംഗത്തെ അസാധാരണ നേട്ടങ്ങൾക്കാണ് AIAAയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ഈ അവാർഡ് സമ്മാനിക്കുന്നത്.

2023 ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചരിത്രം കുറിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ സുരക്ഷിതമായി ഇറങ്ങുന്ന ലോകത്തിലെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ശാസ്ത്രലോകം ഏറ്റവും പ്രധാനപ്പെട്ടതും കുറച്ച് മാത്രം പഠനങ്ങൾ നടന്നതുമായ മേഖലയായി വിലയിരുത്തുന്ന പ്രദേശമാണിത്.

ചന്ദ്രോപരിതലത്തിലെ ജല-ഹിമ സാന്നിധ്യവും വിവിധ രാസഘടകങ്ങളുടെയും സാന്നിധ്യവും സംബന്ധിച്ച നിർണായക വിവരങ്ങൾ ചന്ദ്രയാൻ3 ദൗത്യം കണ്ടെത്തിയിരുന്നു. ഭാവിയിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കും ദീർഘകാല ചന്ദ്ര ഗവേഷണത്തിനും ഈ കണ്ടെത്തലുകൾ നിർണായകമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

കുറഞ്ഞ ചെലവിൽ വലിയ ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യയുടെ പ്രതിച്ഛായ ഉറപ്പിക്കാൻ ചന്ദ്രയാൻ3 ദൗത്യം സഹായിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച വിനയ് ക്വാത്ര, പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവച്ച 'സ്‌പേസ് വിഷൻ 2047' പദ്ധതിയും പരാമർശിച്ചു. മനുഷ്യ ബഹിരാകാശ യാത്രകൾ, ദീർഘദൂര ദൗത്യങ്ങൾ, വാണിജ്യ ബഹിരാകാശ മേഖലയിലെ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ പദ്ധതികൾ ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.