ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷിയെ നിയമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച വ്യക്തിയെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കിയെന്നാണ് രാഹുലിന്റെ ആരോപണം.
നീറ്റ് യു.ജി. 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ വിദ്യാർഥി സമരത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്കാണ് പ്രഹ്ലാദ് ജോഷിയെ കേന്ദ്ര സർക്കാർ നിയമിച്ചത്.
'പ്രധാനമന്ത്രിയുടെ മന്ത്രിസഭയിൽ നിരവധി പേരുണ്ട്. അവരിൽ ആരെയും തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ ബലാത്സംഗ പ്രതികളെ സംരക്ഷിക്കുന്നയാളെയാണ് വിദ്യാഭ്യാസ മന്ത്രിയാക്കിയത്. അതലേറെ മോശമായ തീരുമാനം വേറെയില്ല,' എന്നാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ലോക്‌സഭയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കോൺഗ്രസ് എംപിയായ പ്രിയങ്ക ഗാന്ധി വാദ്രയും പ്രഹ്ലാദ് ജോഷിക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. 2002ലെ ബിൽകിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികൾക്ക് ശിക്ഷായിളവ് നൽകി മോചനം അനുവദിച്ച വിഷയത്തിൽ ജോഷി നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളെയാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
പ്രിയങ്കയുടെ ആരോപണത്തിനെതിരെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രഹ്ലാദ് ജോഷിയും ശക്തമായി പ്രതഷേധിച്ചു. തെളിവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകളാണ് നടത്തിയതെന്നും പ്രിയങ്ക സഭയോട് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനുള്ള പബ്ലിക് എക്‌സാമനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 ലോക്‌സഭയിൽ ചർച്ചയ്‌ക്കെടുത്തു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും താൽപര്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ നിയമം വീണ്ടും വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജതേന്ദ്ര സിങ് പറഞ്ഞു.
2024ൽ പരീക്ഷാ ക്രമക്കേടുകൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവന്ന ദീർഘകാല ആവശ്യമാണ് മോഡി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
'ബലാത്സംഗ പ്രതികളെ സംരക്ഷിക്കുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കി'; പ്രഹ്ലാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
