'പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരും ഇന്ത്യയെപ്പോലെ ശത്രുക്കൾ'; പാക് പ്രതിരോധമന്ത്രിയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

'പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരും ഇന്ത്യയെപ്പോലെ ശത്രുക്കൾ'; പാക് പ്രതിരോധമന്ത്രിയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ


ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിൽ (പിഒകെ) നിയമസഭാ തിരഞ്ഞെടുപ്പിനിടെ നടന്ന പ്രതിഷേധങ്ങൾക്കെതിരായ സർക്കാർ നടപടിയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ അസിഫ്. പിഒകെയിലെ പ്രതിഷേധക്കാരെ ഇന്ത്യയെപ്പോലെ ശത്രുക്കളായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

'ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെയും ഇന്ത്യയെയും ഒരേ വിഭാഗത്തിലാണ് ഞാൻ കാണുന്നത്. അവരും ഇന്ത്യയെപ്പോലെ തന്നെ ശത്രുക്കളാണ്,' എന്നായിരുന്നു ഖ്വാജ അസിഫിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിനിടെ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരായ 14 പേർ കൊല്ലപ്പെട്ടതായും രണ്ട് ഡസനിലധികം പേർക്ക് പരിക്കേറ്റതായും സംഘടന ആരോപിച്ചു. പ്രതിഷേധക്കാരെതിരെ പൊലീസ് വെടിവയ്പും ബലപ്രയോഗവും നടത്തിയെന്നാണ് സംഘടനയുടെ ആരോപണം.

ഇതിനിടെ, പാക് അധീന കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 13 സീറ്റുകളിൽ ഒമ്പത് സീറ്റിലും പാകിസ്താൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽഎൻ) വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കി.

അതേസമയം, പാക് അധീന കശ്മീരിൽ നടന്ന തിരഞ്ഞെടുപ്പിനെ ഇന്ത്യ ശക്തമായി വിമർശിച്ചു. ഇത് നിയമവിരുദ്ധ അധിനിവേശത്തിന് നിയമസാധുത നൽകാനുള്ള ഇസ്‌ലാമാബാദിന്റെ 'കേവല പ്രഹസനം' മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്, പാക് അധീന കശ്മീരിൽ തുടരുന്ന ജനകീയ പ്രതിഷേധങ്ങൾ അവിടുത്തെ ജനങ്ങളുടെ ഭരണത്തോടും സാമ്പത്തിക സാഹചര്യങ്ങളോടുമുള്ള അതൃപ്തിയുടെ പ്രതിഫലനമാണെന്നാണ്.

പാകിസ്താൻ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അധിനിവേശം മറച്ചുവയ്ക്കാനും മേഖലയിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുപിടിക്കാനുമുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ചൂഷണവും അടിസ്ഥാന അവകാശങ്ങളുടെ നിഷേധവും ഭരണപരമായ വീഴ്ചകളുമാണ് പാക് അധീന കശ്മീരിൽ തുടരുന്ന വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമെന്നും ഇന്ത്യ വ്യക്തമാക്കി.

പാക് അധീന കശ്മീരിലെ സ്ഥിതിഗതികൾ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന സാഹചര്യത്തിൽ ഖ്വാജ അസിഫിന്റെ പരാമർശവും ഇന്ത്യയുടെ പ്രതികരണവും മേഖലയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.