കെജ്രിവാളിനെതിരെ തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഹാജരാക്കണം: ഇഡിയോട് ഹൈക്കോടതി

കെജ്രിവാളിനെതിരെ തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഹാജരാക്കണം: ഇഡിയോട് ഹൈക്കോടതി


ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ബന്ധിത നടപടിയില്‍ നിന്ന് സംരക്ഷണം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി കെജ്രിവാളിനെതിരെ തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. .

''നിങ്ങള്‍ അദ്ദേഹത്തോട് ഒരു വിശദാംശവും വെളിപ്പെടുത്തുന്നില്ലെങ്കില്‍, എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും നിങ്ങളുടെ കയ്യില്‍ എന്തെങ്കിലും തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെങ്കില്‍ അത് കോടതിക്ക് അറിയേണ്ടതുണ്ട്.'' കോടതി അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.

കെജ്രിവാളിനെതിരെ മതിയായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതിന് പിന്നാലെയാണ് സംഭവവികാസം.

ഡല്‍ഹി ഹൈക്കോടതിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് വാദം തുടങ്ങിയത്.

വാദം തുടങ്ങിയപ്പോള്‍ ജഡ്ജിമാര്‍ അവരുടെ ചേംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഫയലുകള്‍ ആവശ്യപ്പെട്ടു.

കുറച്ച് സമയത്തിന് ശേഷം വിഷയം പരിഗണിക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണ്ച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനായി തനിക്ക് അയച്ച സമന്‍സുകളെ ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജിയുടെ ഭാഗമാണ് ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷ.

വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഒമ്പതാമത് സമന്‍സിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.

സമന്‍സ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം പലതവണ വിസമ്മതിച്ചു.

എന്തുകൊണ്ടാണ് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതെന്ന് ബുധനാഴ്ച കോടതി ചോദിച്ചു.

വിഷയത്തില്‍ ഹരജിക്കാരനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി തന്റെ കക്ഷി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹത്തെ പിടികൂടാനുള്ള ഏജന്‍സിയുടെ വ്യക്തമായ ഉദ്ദേശ്യം കാരണം നിര്‍ബന്ധിത നടപടികളില്‍ നിന്ന് സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള ഏകപക്ഷീയമായ നടപടിക്രമം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍, തിരഞ്ഞെടുപ്പ് പ്രക്രിയയെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ വേണ്ടി നിലവാരമില്ലാത്ത പ്രവര്‍ത്തികള്‍ സൃഷ്ടിക്കുകയാണെന്ന് ഹര്‍ജിയില്‍ കേജ്രിവാള്‍ പറഞ്ഞു. .

ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്.