ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ പഞ്ചാബിലേയും ജമ്മുവിലെയും ചില ഭാഗങ്ങളിലും ഉധംപൂര്‍ വ്യോമസേനാ താവളത്തിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു.
ജമ്മു കശ്മീരിലെ സാംബ, പഞ്ചാബിലെ ജലന്ധര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഡ്രോണുകള്‍ കണ്ടത്.
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ദസൂയ പ്രദേശത്ത് ഏഴോ എട്ടോ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങളിലും പത്താന്‍കോട്ട്, വൈഷ്‌ണോ ദേവി ഭവനിലും യാത്രാ ട്രാക്കിലും അടിയന്തര വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
ഉധംപൂരിലെ നോര്‍ത്തേണ്‍ കമാന്‍ഡിനും വ്യോമസേനാ താവളത്തിനും മുകളില്‍ 15ഓളം ഡ്രോണുകള്‍ പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കത്രയില്‍ അഞ്ച് ഡ്രോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ വ്യോമ പ്രതിരോധം സജീവമാക്കി.
നഗരത്തിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജലന്ധര്‍ ജില്ലാ കളക്ടര്‍ അടിയന്തര സന്ദേശം നല്‍കി. ജലന്ധര്‍ ജില്ലയിലെ സുരനാസി ഗ്രാമത്തിന് സമീപവും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
സുരനാസിക്ക് ചുറ്റുമുള്ള ചില പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടിയായി ലൈറ്റുകള്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹിമാന്‍ഷു അഗര്‍വാള്‍ പറഞ്ഞു. ഡ്രോണുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണഎന്നും നിലവില്‍ വൈദ്യുതി തടസ്സമില്ലെന്നും സായുധ സേന എപ്പോഴും ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ദസൂയ പ്രദേശത്ത് ചില സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഹോഷിയാര്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആഷിക സ്ഥിരീകരിച്ചു.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ദസൂയ, മുകേരിയ പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്.