യു എസില്‍ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് ഇ ഡിയുടെ നോട്ടീസ്

യു എസില്‍ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് ഇ ഡിയുടെ നോട്ടീസ്


ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയതിന്റെ പേരില്‍ യു എസില്‍ നിന്നും തിരിച്ചയച്ച 11 ഇന്ത്യക്കാര്‍ക്ക് ഇ ഡിയുടെ നോട്ടീസ്. പഞ്ചാബ് സ്വദേശികളായ 10 പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇ ഡി നോട്ടീസ് നല്‍കിയത് വിവിധ തിയ്യതികളിലായി ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമാണ് നടപടി. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടു വഴി യു എസിലേക്ക് അനധികൃത കടത്തുമായി 15 ഏജന്റുമാര്‍ക്കെതിരായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരിയില്‍ യു എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം ഇന്ത്യയില്‍ ഇറങ്ങിയത്.