ടിഎംസിയിൽ കലാപം രൂക്ഷം; പുറത്താക്കിയ റിതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

ടിഎംസിയിൽ കലാപം രൂക്ഷം; പുറത്താക്കിയ റിതബ്രത ബാനർജി പ്രതിപക്ഷ നേതാവ്


കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെ പുറത്താക്കിയ തൃണമൂൽ കോൺഗ്രസ് എംഎൽഎ റിതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. 60 എംഎൽഎമാർ പിന്തുണ അറിയിച്ച് കത്തുകൾ സമർപ്പിച്ചതിനെ തുടർന്നാണ് സ്പീക്കർ റഥീന്ദ്രനാഥ് ബോസ് തന്നെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതെന്ന് റിതബ്രത വ്യക്തമാക്കി.

അതേസമയം, തങ്ങൾ പാർട്ടി പിളർത്താൻ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി മമത ബാനർജിയാണ് ഇപ്പോഴും തങ്ങളുടെ നേതാവെന്നും അദ്ദേഹം ആവർത്തിച്ചു. 'മമത ബാനർജി തന്നെയാണ് ഞങ്ങളുടെ നേതാവ്. പാർട്ടിയുടെ പതാകയ്ക്ക് കീഴിൽ തന്നെ പ്രവർത്തിക്കും. ഇനിയും അവർ ഞങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്ന് അഭ്യർഥിക്കും,' റിതബ്രത പറഞ്ഞു.

കഴിഞ്ഞദിവസം 58 വിമത എംഎൽഎമാർ സ്പീക്കർക്ക് പിന്തുണക്കത്ത് സമർപ്പിച്ചിരുന്നു. കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇവർ നേടിയതായും റിപ്പോർട്ടുകളുണ്ട്. റിതബ്രതയെ നിയമസഭാ കക്ഷി നേതാവായും ജാവേദ് ഖാൻ, സന്ദീപൻ സാഹ, ഷിയുലി സാഹ എന്നിവരെ ഉപനേതാക്കളായും അഖ്രുസ്സമാനെ ചീഫ് വിപ്പായും വിമത വിഭാഗം പ്രഖ്യാപിച്ചു.

നിയമസഭയിലെ യഥാർഥ തൃണമൂൽ നിയമസഭാ വിഭാഗം തങ്ങളാണെന്നും വിമതർ അവകാശപ്പെട്ടു. സ്പീക്കർക്ക് നൽകിയ കത്തിലും മമത ബാനർജിയെ പാർട്ടി അധ്യക്ഷയായി അംഗീകരിക്കുന്നതായി അവർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മമതയുടെ അനന്തരവനും ടിഎംസി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പരോക്ഷമായി വിമർശിച്ച റിതബ്രത, ഇത് 'വ്യക്തികേന്ദ്രീകരണത്തിനെതിരായ കൂട്ടായ പോരാട്ടം' ആണെന്ന് പറഞ്ഞു.

കഴിഞ്ഞ ആഴ്ച അഭിഷേക് ബാനർജി, ശോഭൻദേവ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായും ഫിർഹാദ് ഹക്കീമിനെ ചീഫ് വിപ്പായും നിയമിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപണം ഉയർന്നതോടെ നിർദേശം അംഗീകരിക്കപ്പെട്ടില്ല. സംഭവത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച റിതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും ടിഎംസി പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായി. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സംഘടനാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടുന്നതായി തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിക്കുകയും പാർട്ടി ഘടന പുനഃപരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.