കാക്കിനാഡ: ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയില്‍ സമര്‍ലകോട്ടയിലെ വെറ്റ്‌ലപാലം ഗ്രാമത്തിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. ഭീകര പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതം സമീപ ഗ്രാമങ്ങളില്‍ വരെ ഭീതിയുണ്ടാക്കി.
സ്‌ഫോടനത്തിന്റെ തീവ്രത അതീവ ശക്തമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ കാക്കിനാട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ വിവരമനുസരിച്ച് 90 മുതല്‍ 100 ശതമാനം വരെ പൊള്ളലേറ്റ ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
18 പേര്‍ വിവിധ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 13 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
പൊലീസ്, ആരോഗ്യ, അഗ്നിശമന, അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സംഭവസമയത്ത് വിജയനഗരത്തില്‍ സന്ദര്‍ശനത്തിലായിരുന്ന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയ അദ്ദേഹം മന്ത്രിമാരോടും ഉന്നത ഉദ്യോഗസ്ഥരോടും അപകടസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചു.
