ബൊളീവിയയില്‍ ബാങ്ക് നോട്ടുകള്‍ കൊണ്ടുപോവുകയായിരുന്ന വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു

ബൊളീവിയയില്‍ ബാങ്ക് നോട്ടുകള്‍ കൊണ്ടുപോവുകയായിരുന്ന വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു


ലാപാസ്: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ ബാങ്ക് നോട്ടുകള്‍ കൊണ്ടുപോകുകയായിരുന്ന സൈനിക ചരക്ക് വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് കുറഞ്ഞത് 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പടിഞ്ഞാറന്‍ നഗരമായ എല്‍ ആല്‍ടോയിലാണ് അപകടം നടന്നത്.

സാന്താക്രൂസില്‍ നിന്ന് എല്‍ ആള്‍ട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വിമാനം റണ്‍വേയില്‍ നിന്ന് വഴുതി സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചതനുസരിച്ച്, അപകടത്തില്‍പ്പെട്ടത് സി-130 ഹെര്‍ക്കുലീസ് സൈനിക വിമാനമാണ്. ഇത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബൊളീവിയയിലേക്ക് ബാങ്ക് നോട്ടുകള്‍ കൊണ്ടുപോകുകയായിരുന്നു. വിമാനത്തില്‍ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യോമസേനാ മേധാവി അറിയിച്ചു.

അപകടത്തിനു പിന്നാലെ ചിതറിക്കിടന്ന നോട്ടുകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചവരെ ചിതറിക്കാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. നേരത്തെ അഗ്നിശമന സേന കുറഞ്ഞത് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ തകര്‍ന്നുവീണ വിമാനവും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളും കാണാമായിരുന്നു. ടിയര്‍ ഗ്യാസ് പ്രയോഗത്തിന് പിന്നാലെ ജനക്കൂട്ടം ഓടിപോകുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ചിലര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതായും ഒരു മൊബൈല്‍ ടി വി യൂണിറ്റിനെ നേരിട്ട് ലക്ഷ്യമിട്ടതായും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും നാഷണല്‍ അസോസിയേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ബൊളീവിയ പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുപ്രകാരം ബാങ്ക് നോട്ടുകള്‍ മോഷ്ടിച്ചതിന് കുറഞ്ഞത് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനത്തില്‍ ഉണ്ടായിരുന്ന പണം സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗികമായി പുറത്തിറക്കാത്തതും സീരിയല്‍ നമ്പര്‍ ഇല്ലാത്തതുമായതിനാല്‍ അതിന് നിയമപരമായ മൂല്യമില്ലെന്നും ഇത് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും പ്രതിരോധമന്ത്രി മാര്‍സെലോ സാലിനാസ് വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ വിവരമനുസരിച്ച് 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്തദാനത്തിനായി അടിയന്തര അഭ്യര്‍ഥനയും പുറപ്പെടുവിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് എല്‍ ആള്‍ട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളം താത്ക്കാലികമായി അടച്ചുപൂട്ടി.

വിമാനം തകര്‍ന്നുവീഴാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അപകടസമയത്ത് കനത്ത മഴയും മിന്നലും ഉണ്ടായിരുന്നുവെന്ന് ചില സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.