യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ 'വിപുലമായ'' സൈനിക നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധർ.
ഇറാനുമായുള്ള വ്യാപാരം കുറവ്
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഇറാൻ ദ്വിപക്ഷ വ്യാപാരം 1.68 ബില്യൺ ഡോളറാണ്. 2018-19ൽ ഇത് 17.03 ബില്യൺ ഡോളറായിരുന്നു. യുഎസ് ഉപരോധത്തെ തുടർന്ന് ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണം.
1.68 ബില്യൺ ഡോളർ എന്നത് 2024-25ലെ ഇന്ത്യയുടെ ആകെ ദ്വിപക്ഷ വ്യാപാരമായ 1.74 ട്രില്യൺ ഡോളറിന്റെ വെറും 0.01 ശതമാനം മാത്രമാണ്. അതിനാൽ ഇറാനുമായി നടക്കുന്ന വ്യാപാരത്തിൽ തടസ്സം വന്നാലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇന്ത്യ ഇറാനിൽനിന്ന് 0.44 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തി. ഇന്ത്യയുടെ കയറ്റുമതി 1.24 ബില്യൺ ഡോളറാണ്. ബാസ്മതി അരി, തേയില, പഞ്ചസാര, പഴങ്ങൾ, മരുന്നുകൾ എന്നിവയാണ് ഇന്ത്യ ഇറാനിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്യുന്നത്. ഇറാനിൽനിന്ന് ആപ്പിൾ, പിസ്ത, ഈന്തപ്പഴം, കിവി എന്നിവയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
ഇസ്രയേലുമായി വളരുന്ന ബന്ധം
എന്നാൽ സംഘർഷം ഇസ്രയേൽ-ഇന്ത്യ വ്യാപാരത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള കയറ്റുമതി 21 ശതമാനം വർധിച്ചു. പ്രതിരോധ ഉപകരണങ്ങളും ഹൈടെക് ഉൽപ്പന്നങ്ങളുമാണ് ഈ വർധനയ്ക്ക് കാരണമായത്.
ഇസ്രയേലിൽനിന്നുള്ള ആയുധ-വെടിക്കോപ്പ് ഇറക്കുമതി 2013ൽ ഏകദേശം 1 മില്യൺ ഡോളറായിരുന്നുവെങ്കിൽ 2024ൽ ഇത് 104 മില്യൺ ഡോളറായി ഉയർന്നു. വിമാന, ബഹിരാകാശ ഉപകരണങ്ങളുടെ ഇറക്കുമതിയും 31.8 മില്യണിൽനിന്ന് 193 മില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇതിലൂടെ പ്രതിരോധ-തന്ത്രപ്രധാന സഹകരണം ശക്തമായതായി കാണാം.
കടൽമാർഗം തടസപ്പെട്ടാൽ?
പ്രാദേശിക സംഘർഷം ചെങ്കടൽ കടൽമാർഗത്തെ ബാധിച്ചാൽ ചരക്ക് ഗതാഗത ചെലവും ഇൻഷുറൻസ് നിരക്കും ഉയർന്നേക്കാം. ഏഷ്യ-യൂറോപ്പ് വ്യാപാരത്തിന് നിർണായകമായ ഈ മാർഗത്തിൽ തടസ്സം വന്നാൽ ഇന്ത്യയുടെ കയറ്റുമതിക്കും ഇറക്കുമതിക്കും ചെലവ് കൂടും.
അതുപോലെ ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ ഇന്ത്യയുടെ മാസാന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 50 ശതമാനം വരെ ബാധിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇതു ഇന്ധനവിലയെയും വിലക്കയറ്റത്തെയും ബാധിക്കാൻ ഇടയാക്കും.
ഇറാനുമായുള്ള വ്യാപാരം വളരെ പരിമിതമായതിനാൽ നിലവിലെ സംഘർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ മിഡിൽ ഈസ്റ്റിലെ അസ്ഥിരത കടൽമാർഗം, എണ്ണവില, ഇസ്രയേലുമായുള്ള പ്രതിരോധ വ്യാപാരം തുടങ്ങിയ മേഖലകളിൽ പരോക്ഷമായ സമ്മർദങ്ങൾ സൃഷ്ടിക്കാമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇറാൻ-ഇസ്രയേൽ സംഘർഷം: ഇന്ത്യയുടെ വ്യാപാരത്തിന് വലിയ തിരിച്ചടിയാകുമോ?
