ഇറാൻ പ്രതിരോധ മന്ത്രി നസീർസാദെ കൊല്ലപ്പെട്ടു ; യുഎസ് -ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇറാൻ പ്രതിരോധ മന്ത്രി നസീർസാദെ കൊല്ലപ്പെട്ടു ;  യുഎസ് -ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത സൈനികാക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ഇറാനിയൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ ഡെപ്യൂട്ടിയായി പ്രവർത്തിച്ചിരുന്ന നസീർസാദെ സൈനിക ജീവിതം ആരംഭിച്ചത് യുദ്ധവിമാന പൈലറ്റായിട്ടാണെന്നുമാണ് വിവരം.

ശനിയാഴ്ചയാണ് യുഎസ്-ഇസ്രയേൽ സംയുക്താക്രമണം ഇറാനിൽ ആരംഭിച്ചത്. രാജ്യത്തെ ഉയർന്ന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു പ്രഹരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം അവസാനിച്ചാൽ ഇറാനിയൻ ജനങ്ങൾ ഭരണകൂടത്തിനെതിരെ നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആദ്യമായി ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് അത് അമേരിക്കയും ഇസ്രയേലും ചേർന്നുള്ള സംയുക്ത സൈനികനടപടിയാണെന്ന് സ്ഥിരീകരിച്ചു. ഡിസംബർ 2025 മുതൽ ഇറാനിൽ വ്യാപകമായ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെ ഇടപെടലിന് ഭീഷണി മുഴക്കിയിരുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണ് ഇതോടെ യാഥാർഥ്യമായത്.

ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിയായി ഇസ്രയേലിനും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ മിസൈലുകൾ പ്രേക്ഷിപ്പിച്ചു. യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഇടങ്ങളിൽ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം ഇറാൻ സുപ്രീം ലീഡർ അലി ഖമനെയിയെയും പ്രസിഡന്റ്  മസൂദ് പെഷസ്‌കിയനെയും  ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിന്റെ ഫലത്തെക്കുറിച്ച് വ്യക്തതയില്ല. ഖമനെയ് ടെഹ്രാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നും മുൻപ് റിപ്പോർട്ടുണ്ടായിരുന്നു.

ഇറാനിലെ  ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സിന്റെ നിരവധി മുതിർന്ന കമാൻഡർമാരും രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടതായി ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു. ഒരു സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്വതന്ത്രമായി ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

പശ്ചിമേഷ്യയിൽ അതീവ സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. യുഎസ്–ഇസ്രയേൽ നീക്കവും ഇറാന്റെ തിരിച്ചടിയും മേഖലയിൽ വ്യാപക യുദ്ധഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന്റെ സൂചനകളാണ് നൽകുന്നത്.