ജറുസലേം: ഇസ്രായേലും യു എസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് രാജ്യത്തുടനീളം പ്രത്യേക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചു.
ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇറാനിലെ ഏകദേശം 30 ലക്ഷ്യങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍ പ്രസിഡന്റിന്റെ വസതിയും ഒരു ഇന്റലിജന്‍സ് ആസ്ഥാനവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇറാന്റെ ദീര്‍ഘകാല സുരക്ഷാ ഉദ്യോഗസ്ഥനും പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്ന അലി ഷംഖാനി യു എസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന ഷംഖാനിയുടെ മരണം ഇറാന്‍ ഭരണകൂടത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
സിറിയയിലെ സ്വെയ്ദ നഗരത്തിലെ വ്യവസായ മേഖലയിലുണ്ടായ മിസൈല്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) മേധാവി ജനറല്‍ മുഹമ്മദ് പക്പൂര്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
2025 ജൂണില്‍ നടന്ന യുദ്ധത്തിന്റെ തുടക്കത്തില്‍ മുന്‍ ഐ ആര്‍ ജി സി മേധാവി ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാക്പൂര്‍ പദവിയിലെത്തിയത്.
ഇസ്രയേല്‍ വിലയിരുത്തലനുസരിച്ച് ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജന്‍സ് മേധാവിയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണെങ്കിലും ഇതുവരെ ഇറാനോ ഇസ്രയേല്‍ പ്രതിരോധ സേനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാനിലെ ഉന്നത ഭരണ- സൈനിക നേതാക്കളായ ഖംനേയിയും പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും ലക്ഷ്യമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണഫലങ്ങള്‍ സംബന്ധിച്ച വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഇറാന്‍ അനുകൂല ഇറാഖി മിലീഷ്യയായ കാതെബ് ഹിസ്ബുല്ല ഒരു ഇറാഖി സൈനിക താവളത്തെ യു എസ് ബോംബാക്രമണം നടത്തിയതായി ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്കന്‍ താവളങ്ങളെ ഉടന്‍ ലക്ഷ്യമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
വിദേശത്തുള്ള ഇസ്രായേല്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍- യഹൂദ ലക്ഷ്യങ്ങളെതിരായ ഭീകരാക്രമണ സാധ്യത വര്‍ധിച്ചിരിക്കാമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
പൊതുജനങ്ങളോട് തത്സമയ യാത്ര വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടരുത്, സുരക്ഷയില്ലാത്ത ഇസ്രയേല്‍/ യഹൂദ പരിപാടികളില്‍ പങ്കെടുക്കരുത്, പരിസരം സൂക്ഷ്മമായി നിരീക്ഷിക്കുക, ഭീഷണി ഉണ്ടായാല്‍ പ്രാദേശിക സുരക്ഷാസേനയെ അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
