കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റ് ഭരണ ഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റ് ഭരണ ഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി


മുംബൈ: സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപംകൊടുത്ത ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി. ഇതിനായി ഐ ടി ചട്ടങ്ങളില്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് അതുല്‍ ചന്ദ്രുര്‍ക്കറുടെ ബെഞ്ച് വിധിച്ചു.

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയും എഡിറ്റേഴ്‌സ് ഗില്‍ഡ് ഒഫ് ഇന്ത്യ, അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ മാഗസീന്‍സ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുമാണ് കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ പരിശോധിച്ച ജസ്റ്റിസുമാരായ ഗൗതം പട്ടേലും ഡോ. നീല ഗോഖലെയും ഉള്‍പ്പെട്ട ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ടൈബ്രേക്കര്‍ ജഡ്ജിയായി ജസ്റ്റിസ് ചന്ദ്രുര്‍ക്കറെ നിയോഗിക്കുകയായിരുന്നു. ചന്ദ്രുര്‍ഖറുടെ വിധി ഇനി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) വ്യാജമെന്ന് മുദ്ര കുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യണമെന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തടയാനായിരുന്നു ഈ നടപടിയെന്നാണ് വിമര്‍ശനം.