ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു


ബെയ്‌റൂത്ത്: ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

'ടാര്‍ഗെറ്റഡ് സ്ട്രൈക്ക്' എന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ച ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാന്‍ യൂണിറ്റ് മേധാവി കൊല്ലപ്പെട്ടത്. പ്രധാന ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഇസ്രായേല്‍ ആക്രമണം ഉണ്ടായതെന്ന് ലെബനനിലെ സുരക്ഷാ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തഹ്സിന്‍ എന്നറിയപ്പെടുന്ന അഖില്‍ ഹിസ്ബുള്ളയുടെ പരമോന്നത സൈനിക സംഘടനയായ ജിഹാദ് കൗണ്‍സിലിലാണ് സേവനമനുഷ്ഠിക്കുന്നതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്‌സ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം വ്യക്തമാക്കുന്നു. 

തെക്കന്‍ ബെയ്‌റൂട്ടില്‍ ജൂലൈയില്‍ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫുവാദ് ഷുക്കറിന് ശേഷം ഹിസ്ബുള്ളയുടെ സായുധ സേനയുടെ രണ്ടാമത്തെ കമാന്‍ഡായിരുന്നു അദ്ദേഹം.

1983-ല്‍ ബെയ്റൂട്ടിലെ യു എസ് മറൈന്‍ ബാരക്കുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതിനും 1980-കളില്‍ ലെബനനില്‍ അമേരിക്കന്‍, ജര്‍മ്മന്‍ ബന്ദികളെ പിടികൂടിയതിനും അഖിലിനെ അമേരിക്ക അന്വേഷിക്കുന്നുണ്ട്.

ബെയ്റൂത്തില്‍ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) അറിയിച്ചു.

ജൂലൈ 30ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഷുക്കറും ഭാര്യയും മറ്റ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിലേക്ക് നയിച്ച സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാനുമായി ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ ആഴ്ച ആദ്യം ലെബനനിലുടനീളം പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചു.