തിരുപ്പതി പ്രസാദം; ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ജഗന്‍ റെഡ്ഡി

തിരുപ്പതി പ്രസാദം; ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ജഗന്‍ റെഡ്ഡി


അമരാവതി: തന്റെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡൂ ഉണ്ടാക്കാന്‍ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തോട് പ്രതികരിച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി.

ലാബ് റിപ്പോര്‍ട്ട് തെറ്റാണെന്നും തെലുങ്കുദേശം പാര്‍ട്ടി (ടി ഡി പി) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു 'വിശ്വാസം രാഷ്ട്രീയത്തിനായി' ഉപയോഗിക്കുകയാണെന്നും റെഡ്ഡി ആരോപിച്ചു. നായിഡു സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയാണ് വിവാദ ഉത്പന്നങ്ങള്‍ വഴിപാടില്‍ കണ്ടെത്തിയതെന്നും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

നെയ്യിന്റെ ഗുണമേന്മ മോശമാണെന്ന് അറിയുകയും ഉടന്‍ തന്നെ ഇക്കാര്യം മുഖ്യമന്ത്രി നായിഡുവിനെ അറിയിക്കുകയും ചെയ്തുവെന്നും റെഡ്ഡി പറഞ്ഞു.

ടെന്‍ഡര്‍ നടപടികള്‍ ആറുമാസം കൂടുമ്പോള്‍ നടക്കുന്നതായും യോഗ്യതാ മാനദണ്ഡം പതിറ്റാണ്ടുകളായി മാറിയിട്ടില്ലെന്നും പറഞ്ഞ റെഡ്ഡി വിതരണക്കാര്‍ എന്‍ എ ബി എല്‍ സര്‍ട്ടിഫിക്കറ്റും ഉത്പന്ന ഗുണനിലവാര സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും അറിയിച്ചു. ടി ടി ഡി നെയ്യില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും സര്‍ട്ടിഫിക്കേഷന്‍ പാസാകുന്ന ഉത്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങള്‍ ടി ഡി പി രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതുമെന്നും റെഡ്ഡി പറഞ്ഞു. ചന്ദ്രബാബു നായിഡു എങ്ങനെയാണ് വസ്തുതകള്‍ വളച്ചൊടിച്ചതെന്നും എന്താണ് നടപടിയെന്നും താന്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയ ലഡ്ഡു തയ്യാറാക്കുന്നതിന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുവെന്ന് നായിഡു ആരോപിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഗുജറാത്തിലെ എന്‍ഡിഡിബി കാഫ് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം നെയ്യ് സാമ്പിളുകളില്‍ പന്നിക്കൊഴുപ്പ്, ബീഫ് ടാലോ, ഫിഷ് ഓയില്‍ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2024 ജൂലൈ 16ലെ റിപ്പോര്‍ട്ട് ടി ഡി പി വക്താവ് അനം വെങ്കിട്ട രമണ റെഡ്ഡി പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ലാബ് റിപ്പോര്‍ട്ടില്‍, തിരുമലയില്‍ എത്തിച്ച നെയ്യ് തയ്യാറാക്കാന്‍ പശുവിറച്ചിയും മൃഗക്കൊഴുപ്പും പന്നിക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചതായി സാക്ഷ്യപ്പെടുത്തുന്നുവെന്ന് റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബഹളത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്ത് പറഞ്ഞാലും അത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അത് വിശദമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ജോഷി പറഞ്ഞു.