നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തം

നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തം


ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ റെയ്സിന ഹില്‍സിലെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ നേരിയ തീപിടുത്തം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ഫയലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. തിപിടുത്തം സംഭവിച്ച് 20 മിനിറ്റിനുള്ളില്‍ സി ഐ എസ് എഫ്, സി പി ഡബ്ല്യു ഡി, ഡല്‍ഹി ഫയര്‍ സര്‍വീസസ് എന്നിവയുടെ സംയുക്ത പരിശ്രമത്തില്‍ നിയന്ത്രണവിധേയമാക്കാനായി. 

നോര്‍ത്ത് ബ്ലോക്കിലെ റൂം നമ്പര്‍ 209ലാണ് തീ പിടുത്തമുണ്ടായത്. ഏതാനും ഫര്‍ണിച്ചറുകള്‍ക്കും ചില ഉപകരണങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി വക്താവ് പറഞ്ഞു.

ഒരു സെറോക്‌സ് മെഷീനും ചില കമ്പ്യൂട്ടറുകളും ചില രേഖകളും കത്തിനശിച്ചതായി ഡി എഫ് എസ് ഓഫീസര്‍ പറഞ്ഞു.