വിമാന ടിക്കറ്റ് നിരക്കിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു

വിമാന ടിക്കറ്റ് നിരക്കിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു


ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങളുടെ വ്യാപകമായ റദ്ദാക്കലുകളും കാലതാമസങ്ങളും മൂലം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍  എയര്‍ലൈന്‍സുകള്‍ യുക്തിസഹമായ നിരക്കുകള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി. സാധാരണ 5,000- 7,000 രൂപ നിരക്കുള്ള ഡല്‍ഹി- ബെംഗളൂരു റൂട്ടില്‍ ഒരു ലക്ഷം രൂപവരെ നിരക്ക് ഉയര്‍ന്നതോടെയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നടപടി സ്വീകരിച്ചത്.

മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തന തകരാറുകളാണ് രാജ്യത്ത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത് എന്ന് ചൂണ്ടിക്കാട്ടുന്നു. വിമാനങ്ങളുടെ റദ്ദാക്കലും ശേഷി കുറവുമാണ് അവസാന നിമിഷ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്.

ആഭ്യന്തര ഇക്കണോമി ക്ലാസ് വിമാനങ്ങള്‍ക്കായി കേന്ദ്രം പരമാവധി നിരക്ക് പരിധി നിശ്ചയിച്ചു. അതനുസരിച്ച് 500 കിലോമീറ്റര്‍ വരെ 7,500 രൂപയും 

500- 1,000 കിമി- 12,000, 1,000- 1,500 കിമി- 15,000, 

1,500 കിലോമീറ്ററിന് മുകളില്‍ 18,000 എന്നിങ്ങനെയാണ് പരിധി. 

ഈ പരിധി, പ്രതിസന്ധിയെ മുതലെടുത്ത് അമിത നിരക്ക് ഈടാക്കല്‍ ഒഴിവാക്കുന്നതിനും യാത്രക്കാരെ സംരക്ഷിക്കുന്നതിനുമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

എയര്‍ലൈന്‍സുകളുടെ വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ട്രാവല്‍ പോര്‍ട്ടലുകള്‍ തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ നിരക്ക് പരിധി ബാധകമായിരിക്കും.

നിരക്കുകള്‍ സാധാരണ നിലയിലേക്ക് സ്ഥിരത കൈവരിക്കുന്നതുവരെ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരുന്നതുവരെ ഈ ചട്ടം പ്രാബല്യത്തില്‍ തുടരും.

വിമാനക്കമ്പനികള്‍ എല്ലാ ഫെയര്‍ ബക്കറ്റുകളിലും മതിയായ ടിക്കറ്റുകള്‍ ലഭ്യമാക്കുകയും യാത്രക്കാരുടെ തിരക്ക് കൂടിയ റൂട്ടുകളില്‍ അധിക ശേഷി വിന്യസിക്കുകയും ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.