ബോംബെ: മതാചാരണത്തിന്റെ പേരില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം അവകാശമായി ആവശ്യപ്പെടാനാകില്ലെന്നും ശബ്ദവിപുലീകരണ ഉപകരണങ്ങളിലൂടെ പ്രാര്‍ത്ഥന നടത്തണമെന്നത് ഒരു മതവും നിര്‍ബന്ധമാക്കുന്നില്ലെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഗൊണ്ഡിയ ജില്ലയിലെ മസ്ജിദ് ഗൗസിയ സമര്‍പ്പിച്ച ഹര്‍ജി ഡിസംബര്‍ 1ന് ജസ്റ്റിസുമാരായ അനില്‍ പന്‍സാരെയും രാജ് വാകഡെയും അടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ മുന്‍വിധികളെ ആശ്രയിച്ച കോടതി, മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി പ്രാര്‍ത്ഥന നടത്തണമെന്ന് ഒരു മതവും ഉപദേശിക്കുന്നില്ലെന്നും, വോയ്‌സ് ആംപ്ലിഫയര്‍ ഉപയോഗിക്കുകയോ വാദ്യങ്ങള്‍ കൊട്ടുകയോ ചെയ്യുന്നത് മതാചരണത്തിന്റെ അവിഭാജ്യഘടകമല്ലെന്നുമാണ് വ്യക്തമാക്കിയത്.
ലൗഡ്‌സ്പീക്കര്‍ മതാചരണത്തിന് നിര്‍ബന്ധമാണെന്നു തെളിയിക്കുന്ന യാതൊരു രേഖയും ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചില്ലെന്നും അതിനാല്‍ അവകാശമായി അനുകൂല വിധി തേടാനാകില്ലെന്നുമാണ് കോടതിയുടെ നിലപാട്. ശബ്ദമാലിന്യം ആവര്‍ത്തിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്നും ഇതില്‍ കോടതി സ്വമേധയാ ഇടപെടുന്നുവെന്നും വ്യക്തമാക്കി, ഫലപ്രദമായ പരിഹാരം മുന്നോട്ടുവയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ശബ്ദമാലിന്യം പൊതുജനാരോഗ്യത്തിനും ക്ഷേമത്തിനും വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ച്ചയായ ഉച്ചത്തിലുള്ള ശബ്ദം കോര്‍ട്ടിസോള്‍ അടക്കമുള്ള ഹാനികരമായ രാസവസ്തുക്കള്‍ ശരീരത്തില്‍ സഞ്ചയിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഇത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക അസ്വസ്ഥതകള്‍, ആകാംക്ഷ, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 120 ഡെസിബലിന് മീതെയുള്ള ശബ്ദം കര്‍ണപുടം പൊട്ടാന്‍ പോലും ഇടയാക്കാമെന്നും ബെഞ്ച് പറഞ്ഞു.
നാഗ്പൂരിലെ സിവില്‍ ലൈന്‍സ് ഉള്‍പ്പെടെ ചില ഇവന്റ് ഹാളുകളില്‍ ആഘോഷങ്ങളുടെ പേരില്‍ ശബ്ദനിയമങ്ങള്‍ ലംഘിക്കപ്പെടുന്നതും, വിവിധ ആരാധനാലയങ്ങളില്‍ ഭജനകള്‍ ലൗഡ്‌സ്പീക്കറിലൂടെ ചട്ടവിരുദ്ധമായി നടത്തുന്നതും കോടതി പരാമര്‍ശിച്ചു. ഇത്തരം ആഘോഷങ്ങള്‍ അനുവദിക്കുമ്പോള്‍ ശബ്ദനിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംഘാടകരുടേതാണെന്നും, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ആവശ്യമായ സുസൂക്ഷ്മത കാണിച്ച് ഫലപ്രദമായ പരിഹാരവുമായി മുന്നോട്ടുവരുമെന്ന പ്രതീക്ഷയും കോടതി രേഖപ്പെടുത്തി.
മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം അവകാശമല്ല; ശബ്ദമുണ്ടാക്കിയുള്ള നമസ്‌കാരം നിര്‍ബന്ധമല്ല: ഹര്‍ജി തള്ളി ഹൈക്കോടതി
