പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ അഞ്ച് മരണം

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ അഞ്ച് മരണം


കാബൂള്‍: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. രാത്രി മുഴുവന്‍ നടന്ന വെടിവെപ്പിലും ഷെല്ലിംഗിലും അഫ്ഗാനിസ്ഥാനില്‍ നാല് സാധാരണക്കാര്‍ക്കും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഞ്ച് സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് ഹംദുല്ല ഫിത്രത്ത് വാര്‍ത്ത്ാ ഏജന്‍സിയായ എ എഫ് പിയോട്  പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. 

പാക് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് അഫ്ഗാന്‍ ഭാഗത്ത് നിന്ന് ഉണ്ടായ വെടിവെപ്പിലും ഷെല്ലിങ്ങിലും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ അതിര്‍ത്തിക്കപ്പുറത്ത് വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘര്‍ഷത്തിന് ഇരുപക്ഷവും പരസ്പരം കുറ്റം ചാരുകയായിരുന്നു.

പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അഫ്ഗാന്‍ സേന ബദാനി പ്രദേശത്ത് വെടിവെച്ചുവെന്നാണ്. അതേ സമയം, അഫ്ഗാന്‍ താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പാക്കിസ്ഥാന്‍ സ്പിന്‍ ബോല്‍ഡക്കില്‍ ആക്രമണം നടത്തിയതാണെന്നും അഫ്ഗാന്‍ സേന അതിന് മറുപടി നല്‍കിയതാണെന്നും ആരോപിച്ചു.

ആദ്യമായി വെടിവെപ്പ് നടത്തിയതത് അഫ്ഗാന്‍ സേനയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

കന്ദഹാര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മേധാവി അലി മുഹമ്മദ് ഹഖ്മല്‍ പറയുന്നത് പാകിസ്ഥാന്‍ സേന ആക്രമണം നടത്തിയെന്നും മാര്‍ട്ടര്‍ ഷെല്ലുകള്‍ സാധാരണക്കാരുടെ വീടുകളിലേയ്ക്കും പതിച്ചുവെന്നുമാണ്.

ഒക്ടോബറില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായതോടെ ഇരുരാജ്യങ്ങളുടേയും ബന്ധം തകര്‍ന്നിരുന്നു. ഇരുവശങ്ങളിലുമായി ഡസന്‍കണക്കിന് സൈനികര്‍, സാധാരണക്കാര്‍, തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവര്‍ തുടങ്ങിയവര്‍  കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 9ന് കാബൂളില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളെ തുടര്‍ന്ന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. അതിന് പിന്നില്‍ പാകിസ്ഥാന്‍ തന്നെയാണെന്ന് ആരോപിച്ച അഫ്ഗാന്‍ താലിബാന്‍ പ്രതികാരം ചെയ്യുമെന്നു പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തിടെയുണ്ടായ ഏറ്റവും മോശം സംഘര്‍ഷമായിരുന്നു ഇത്. തുടര്‍ന്ന് ഖത്തര്‍ ഇടപെട്ട് സമാധാന സംഭാഷണം നടത്തിയിരുന്നു. നിരവധി ചര്‍ച്ചകളും ശ്രമങ്ങളും നടത്തിയെങ്കിലും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ സ്ഥിരശാന്തി കൊണ്ടുവരാന്‍ പര്യാപ്തമായില്ല.

പാകിസ്ഥാനകത്ത് നടന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ താലിബാനെ കുറ്റപ്പെടുത്തുന്നു.