അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി വ്യാപനം വര്‍ധിച്ചു. 828 വിദ്യാര്‍ഥികള്‍ എച്ച്‌ഐവി പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതിനോടൊപ്പം 47 വിദ്യാര്‍ഥികള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുരയിലെ മാധ്യമ പ്രവര്‍ത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയിലാണ് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗം ബാധിച്ചരില്‍ അധികവും. എച്ച്‌ഐവി ബാധിതരായ 828 കുട്ടികളില്‍ 572 പേര്‍ ജീവനോടെയുള്ളതായും 47 പേര്‍ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായി കണക്കുകള്‍ വ്യക്തമാക്കുന്നു.
220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലഹരി മരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. കണക്കുകള്‍ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതല്‍ ഏഴു വരെ പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.