ലോറന്‍സ് ബിഷ്ണോയിക്കെതിരായ യു എസ് കുറ്റപത്രം ഇന്ത്യ അംഗീകരിച്ചു; കൈമാറ്റ ആവശ്യത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

ലോറന്‍സ് ബിഷ്ണോയിക്കെതിരായ യു എസ് കുറ്റപത്രം ഇന്ത്യ അംഗീകരിച്ചു; കൈമാറ്റ ആവശ്യത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. 2023-ല്‍ കാനഡയില്‍ ഖാലിസ്ഥാന്‍ വാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ യു എസ് കുറ്റപത്രം സമര്‍പ്പിച്ചത്. നിജ്ജാറിനെ ഇന്ത്യ നേരത്തേ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഈ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ഗുരുതരമായി വഷളായിരുന്നു.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ യു എസ് നടപടിയോട് പ്രതികരിച്ച് രാജ്യാന്തര സംഘടിത കുറ്റകൃത്യ ശൃംഖലകളെക്കുറിച്ച് ഇന്ത്യ ദീര്‍ഘകാലമായി ഉയര്‍ത്തിക്കാട്ടുന്ന സുരക്ഷാ ആശങ്കകളുമായി ഈ നടപടി യോജിക്കുന്നതാണെന്ന് പറഞ്ഞു. എന്നാല്‍ ലോറന്‍സ് ബിഷ്ണോയിയെ അമേരിക്കയ്ക്ക് കൈമാറാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

നിരവധി രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരായ കുറ്റപത്രങ്ങളും നിയമനടപടികളും സംബന്ധിച്ച് യു എസ് നീതിന്യായ വകുപ്പിന്റെ പ്രഖ്യാപനങ്ങള്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.

രാജ്യാന്തര സംഘടിത കുറ്റകൃത്യ ശൃംഖലകളെ നേരിടുന്നതില്‍ അന്താരാഷ്ട്ര പങ്കാളികളുമായി അടുത്ത സഹകരണം തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെയും അമേരിക്കയുടെയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം തുടരുകയാണെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, അനധികൃത ആയുധക്കടത്ത്, ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യ ശൃംഖലകള്‍ എന്നിവ സമൂഹങ്ങള്‍ക്ക് ഗുരുതര ഭീഷണിയാണെന്ന് ഇന്ത്യ സ്ഥിരമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.

ലോറന്‍സ് ബിഷ്ണോയിയെയും ഇന്ത്യ ആസ്ഥാനമായുള്ള സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള 37 പേരെയും പ്രതിചേര്‍ത്ത് യു എസ് നീതിന്യായ വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തോടുള്ള ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

നിലവില്‍ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അതിസുരക്ഷാ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ബിഷ്ണോയ് കഴിയുന്നത്. ഇയാളുടെ അടുത്ത അനുയായി സതീന്ദര്‍ജീത് സിങ് അഥവാ ഗോള്‍ഡി ബ്രാര്‍ ഇപ്പോഴും ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സബര്‍മതി ജയിലില്‍ കഴിയുന്നതിനിടയിലും 2026 ജനുവരി മുതല്‍ സ്മാര്‍ട്ട്‌ഫോണുകളും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശ ആപ്പുകളും ഉപയോഗിച്ച് രാജ്യാന്തര കുറ്റകൃത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നുവെന്നാണ് യു എസ് നീതിന്യായ വകുപ്പിന്റെ ആരോപണം. ലോറന്‍സ് ബിഷ്ണോയിയെ ഔപചാരികമായി അമേരിക്കയിലേക്ക് കൈമാറാന്‍ നടപടി സ്വീകരിക്കുമെന്നും യു എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.