ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-കാനഡ ബന്ധത്തില്‍ സംഭവിച്ച വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വീണ്ടും ഊഷ്മളമാവുകയാണ്. ജോഹന്നസ്ബഗ് ജി20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, ഇരുരാജ്യങ്ങളും ഉയര്‍ന്ന ആകാംക്ഷയോടെ പരിഗണിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി. ഒരു ദശകത്തിലധികമായി ഇടറിക്കിടന്നിരുന്ന വ്യാപാര ബന്ധങ്ങളെ ചലിപ്പിക്കുന്ന വലിയ നീക്കമായി ഇത് കണക്കാക്കപ്പെടുന്നു.
2010ല്‍ ആരംഭിച്ച CEPA ചര്‍ച്ചകള്‍ക്ക് 2022ല്‍ വീണ്ടും ഊര്‍ജ്ജം ലഭിച്ചെങ്കിലും, 2023ല്‍ കാനഡ അത് താല്‍ക്കാലികമായി മരവിപ്പിച്ചുവെച്ചിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രസ്താവന പ്രകാരം, ഇരുരാജ്യവും 2030ഓടെ പരസ്പരമുള്ള വ്യാപാരമൂല്യം 50 ബില്ല്യണ്‍ ഡോളറായി ഇരട്ടിയാക്കുന്ന ലക്ഷ്യത്തോടെ ഒരു 'ഹൈ അംബിഷന്‍' കരാറിലേക്കാണ് നീങ്ങുന്നത്. ആഭ്യന്തര ആണവ സഹകരണത്തിന് കൂടുതല്‍ ആഴം നല്‍കുന്നതോടൊപ്പം, ദീര്‍ഘകാല യൂറേനിയം വിതരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വീണ്ടും സജീവമായി.
ഈ പുതിയ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ മറുവശത്തും വര്‍ഷങ്ങളോളമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടാനുണ്ട്. കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദ ശൃംഖലകള്‍ക്കെതിരെ ഇന്ത്യ തുടര്‍ച്ചയായി ഉന്നയിച്ച പ്രതിഷേധങ്ങളും, 2023ല്‍ ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചതും ഇന്ത്യ തള്ളിക്കളഞ്ഞതുമായ ആരോപണങ്ങളും, നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണ്ണമായും മരവിച്ച അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ഇതിന്റെ ഫലമായി ഒരേ സമയം, ഉന്നത പദവികളിലെ നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കുകയും വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
പക്ഷേ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിദേശകാര്യ മന്ത്രിമാരായ എസ് ജയശങ്കറും അനിറ്റ ആനന്ദും നടത്തിയ നിരന്തര സംവാദങ്ങള്‍ മരവിപ്പിലായിരുന്ന ബന്ധങ്ങളെ വീണ്ടും ഉഷ്മളമാക്കി. ഈ വര്‍ഷം ഒക്ടോബറില്‍ ഹൈ കമ്മീഷണര്‍മാര്‍ തിരിച്ചുവന്നതോടെ, നയതന്ത്ര ബന്ധങ്ങളും സാധാരണ നിലയിലെത്തി.
'ഇന്ത്യയെയും ചൈനയെയും പോലുള്ള ആഗോള ശക്തികളുമായി കാനഡ വീണ്ടും പ്രായോഗികമായ ഇടപെടലിലേക്കാണ് നീങ്ങുന്നതെന്നാണ് മാര്‍ക്ക് കാര്‍ണി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കാനഡ-ഇന്ത്യ-ഓസ്‌ട്രേലിയ നവീകരണ കൂട്ടായ്മ രൂപീകരിച്ച്, നിര്‍ണായക സാങ്കേതിക മേഖലകളില്‍ പരസ്പര സഹകരണം വേഗത്തിലാക്കും എന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ഊര്‍ജത്തില്‍ നിന്ന് നിര്‍ണായക ധാതുക്കളിലും കൃത്രിമ ബുദ്ധിയിലും വരെ വ്യാപിക്കുന്ന ഒരു പുതിയ ത്രികോണ സഹകരണം ഇതിലൂടെ രൂപം കൊണ്ടിരിക്കുകയാണ്.
വ്യാപാരസേവനങ്ങള്‍, നിക്ഷേപം, കൃഷി, ഡിജിറ്റല്‍ വ്യാപാരം, തൊഴില്‍മൈത്രി, സുസ്ഥിര വികസനം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന CEPA ചര്‍ച്ചകള്‍ക്ക് പുറമെ, ആസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ കൂട്ടായ്മ (ACTI) രൂപീകരിച്ചതും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. വിതരണ ശൃംഖലയിലെ വൈവിധ്യവല്‍ക്കരണം മുതല്‍ ആണവ ഊര്‍ജ്ജ സഹകരണം വരെ വ്യാപിക്കുന്ന ഈ കൂട്ടുകെട്ട് പുതിയ സാധ്യതകള്‍ തുറക്കുന്നതാണ്.
പ്രധാനമന്ത്രിമാരുടെ ജോഹന്നസ്ബര്‍ഗ് കൂടിക്കാഴ്ച ഇരുരാജ്യബന്ധങ്ങളുടെയും വഴിത്തിരിവായി മാറാനിരിക്കുകയാണ്. ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ, ഒരിക്കല്‍ ഇല്ലാതായി എന്നു കരുതപ്പെട്ട ബന്ധങ്ങള്‍ ഇപ്പോള്‍ മൂല്യവത്തായ സാമ്പത്തികവും തന്ത്രപരവുമായ നേട്ടങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് അടുത്ത മാസങ്ങള്‍ പരിശോധിക്കുക.
മോഡി-കാര്‍ണി കൂടിക്കാഴ്ചയില്‍ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ
