ഇ പാസ്‌പോര്‍ട്ട് (ഇലക്ടോണിക് ) പുറത്തിറക്കി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? അറിയാം വിവരങ്ങള്‍

ഇ പാസ്‌പോര്‍ട്ട് (ഇലക്ടോണിക് ) പുറത്തിറക്കി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? അറിയാം വിവരങ്ങള്‍


ന്യൂഡല്‍ഹി: ഇ പാസ്‌പോര്‍ട്ട് (ഇലക്ടോണിക് ) പുറത്തിറക്കി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2024 ഏപ്രില്‍ 1 ന് ആരംഭിച്ച പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം (പി എസ് പി) 2.0 എന്ന വലിയ ഡിജിറ്റല്‍ സംരംഭത്തിന്റെ ഭാഗമായാണ് ഇ പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. സുരക്ഷ വര്‍ധിപ്പിക്കുന്നതും ഐഡന്റിറ്റി പരിശോധന എളുപ്പമാക്കുന്നതുമാണ് ഇ പാസ്‌പോര്‍ട്ടിന്റെ സവിശേഷത.

ഇ പാസ്‌പോര്‍ട്ടിന്റെ മുന്‍ കവറിന് താഴെയായി ഗോള്‍ഡന്‍ നിറത്തില്‍ ചെറുതായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് സാധാരണ പാസ്‌പോര്‍ട്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കും. ഇ പാസ്‌പോര്‍ട്ടുകള്‍ അച്ചടിച്ചതും ഡിജിറ്റല്‍ ഒപ്പിട്ടതുമായതിനാല്‍ ഇത് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല വ്യാജമായി നിര്‍മിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാകുന്നു.

എന്താണ് സാധാരണ പാസ്‌പോര്‍ട്ടും ഇ പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? ഇ പാസ്‌പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇപാസ്‌പോര്‍ട്ട് ലഭിക്കുക. എന്നിങ്ങനെയുള്ള വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

ഇ പാസ്‌പോര്‍ട്ടിന്റെ ഗുണങ്ങള്‍

ഇ പാസ്‌പോര്‍ട്ടിന്റെ പിന്‍ കവറില്‍ റേഡിയോ ഫ്രീക്കവന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പും (ഞഎകഉ) ആന്റിനയും ഉണ്ടാവും. പാസ്‌പോര്‍ട്ട് ഉടമയുടെ വിവരങ്ങള്‍ ഈ ചിപ്പില്‍ ഉണ്ടാവും. ചിത്രങ്ങള്‍, വിരലടയാളം, ജന്മദിന തിയതി, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയടക്കമുള്ള വിവരങ്ങളാണ് ഈ ചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. അവ സുരക്ഷിതമായി സൂക്ഷിക്കും. അതുകൊണ്ട് തന്നെ വിവരങ്ങള്‍ ചോര്‍ന്നു പോകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റൊരു കാര്യം ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നതാണ് ഇ പാസ്‌പോര്‍ട്ടിന്റെ ഒരു പ്രധാന ഗുണം. ഇ പാസ് പോര്‍ട്ടുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഇ ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്രികര്‍ക്കും പോവാനാവും.

ഇന്ത്യയില്‍ എവിടെയൊക്കെ ഇ പാസ്‌പോര്‍ട്ട് ലഭ്യമാകും

നിലവില്‍ ജമ്മു, നാഗ്പൂര്‍, ഷിംല, ഭുവനേശ്വര്‍, ഡല്‍ഹി, റാഞ്ചി, സൂറത്ത്, ഗോവ, ഹൈദപരാബാദ്, ചെന്നൈ, ജയ്പൂര്‍, അമൃത്സര്‍ , റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുകയെന്നാണ് വിദേശമന്ത്രാലയം അറിയിക്കുന്നത്. 2025 ന്റെ അവസാനത്തോടെ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും ഇ പാസ്‌പോര്‍ട്ട് ലഭ്യമാകും.

എങ്ങനെ അപേക്ഷിക്കാം

സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് പോലെ തന്നെയാണ് ഇ പാസ്‌പോര്‍ട്ടിനായും അപേക്ഷ നല്‍കേണ്ടത്. പാസ് പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴിയാണ് ആളുകള്‍ക്ക് ഇ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവുക. അടുത്ത പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തെയോ ബന്ധപ്പെട്ട് ബയോ മെട്രിക് വിവരങ്ങള്‍ കൈമാറിയാല്‍ പാസ്‌പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഇ പാസ്‌പോര്‍ട്ടുള്ള മറ്റു രാജ്യങ്ങള്‍

അമേരിക്ക, കാനഡ, മെക്‌സിക്കോ, പെറു, കൊളംബിയ, ചിലി, ബ്രസീല്‍, അര്‍ജന്റീന, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഇ പാസ്‌പോര്‍ട്ട് സൗകര്യമുണ്ട്.

നിലവിലുള്ള പാസ്‌പോര്‍ട്ടു ഉടമകള്‍ എന്തു ചെയ്യണം

നിലവിലുള്ള സാധാരണ പാസ്‌പോര്‍ട്ടു ഉടമകള്‍ വിഷമിക്കേണ്ടതില്ല. അവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇ പാസ്‌പോര്‍ട്ടുകള്‍ക്കായി മാറ്റി നല്‍കേണ്ടതില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയ എല്ലാ സാധാരണ പാസ്‌പോര്‍ട്ടുകലും അതിന്റെ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാം. 2025 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ പാസ്‌പോര്‍ട്ടു കേന്ദ്രങ്ങളിലും ഇ പാസ്‌പോര്‍ട്ടുകള്‍ നല്‍കാന്‍ കഴിയും. അപ്പോയ്‌മെന്റ് ദിവസം വ്യക്തിഗതമായി ഹാജരായി ഫോട്ടോ, ഫിംഗര്‍പ്രിന്റ്, ഐറിസ് സ്‌കാന്‍ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം.