സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 25 വർഷത്തെ തടവ് ശിക്ഷ

സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 25 വർഷത്തെ തടവ് ശിക്ഷ


ന്യൂയോർക്: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 25 വർഷത്തെ തടവ് ശിക്ഷ. കേസിൽ 27 വയസ്സുകാരനായ ഹാദി മാറ്റർ കുറ്റക്കാരനാണെന്ന് ഈ വർഷമാദ്യം തെളിയിക്കപ്പെട്ടിരുന്നു. ശിക്ഷാ വിധിക്കു മുമ്പ് കോടതിക്ക് മുമ്പിൽ ഹാജരായ പ്രതി റുഷ്ദിയുടെ കാഴ്ചപ്പാടുകളെ വിമർശിക്കുകയും അദ്ദേഹം കാപഠ്യക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

സൽമാൻ റുഷ്ദി എല്ലാവരെയും നിന്ദിക്കുന്നുവെന്നും അത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും മാറ്റർ വിളിച്ചു പറഞ്ഞു. 77 വയസ്സുകാരനായ റുഷ്ദിയാണ് കേസിലെ പ്രധാന സാക്ഷി. ചൗട്ടാവ് ഇൻസ്റ്റിറ്റിയൂട്ടിലെ ഒരു വേദിയിൽ സംസാരിക്കവെ മാസ്‌ക് ധരിച്ചെത്തിയ യുവാവ് തുടർച്ചയായി തന്നെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ചതിന് 25 വർഷത്തെ തടവും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നയാളെ പരിക്കേൽപ്പിച്ചതിന് 7 വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. 25 വർഷം തടവ് ശിക്ഷ നൽകുന്നതിനെ പ്രതി ഭാഗം എതിർത്തു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ 12 വർഷമായി ശിക്ഷ കുറയക്കണമെന്നായിരുന്നു വാദം. എന്നാൽ അന്തിമ ഘട്ടത്തിൽ വാദം തള്ളിപ്പോവുകയായിരുന്നു.