ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് തീവെച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് തീവെച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ


ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ സ്വകാര്യ വസതിക്ക് തീവെച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 21കാരനായ റോമൻ ലാവ്രിനോവിച്ചാണ് അറസ്റ്റിലായത്. സ്റ്റാർമറുടെ വസതിക്ക് പുറമെ അദ്ദേഹം നേരത്തെ ഉപയോഗിച്ചിരുന്ന കാറിനും മറ്റൊരു വീടിനും ഇയാൾ തീവെച്ചിരുന്നു. ജീവൻ അപകടപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തീവെച്ചതിന് മൂന്ന് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ലാവ്രിനോവിച്ച് വിവർത്തകന്റെ സഹായത്തോടെയാണ് സംസാരിച്ചത്. ഇയാളെ ജൂൺ ആറിന് സെൻട്രൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കും.

അതേസമയം, തീവെച്ചെന്ന ആരോപണം ലാവ്രിനോവിച്ച് നിഷേധിച്ചതായി പ്രോസിക്യൂട്ടർ സാറാ പ്രസിബിൽസ്‌ക പറഞ്ഞു. ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ അഞ്ച് ദിവസത്തിനിടെയുണ്ടായ മൂന്ന് തീവെപ്പുകളിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം സ്റ്റാർമർ ഔദ്യോഗിക വസതിയായ ഡോനിങ് സ്ട്രീറ്റിലേക്ക് താമസം മാറിയിരുന്നു. തീവെപ്പുണ്ടായത് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വീടുകൾക്കും വാഹനത്തിനും നേരെയായതിനാൽ ഭീകരവിരുദ്ധ കമാൻഡാണ് കേസിൽ അന്വേഷണം നടത്തിയത്.