സ്‌പോണ്‍സര്‍ പിന്മാറി; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്കു വരില്ല

സ്‌പോണ്‍സര്‍ പിന്മാറി; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്കു വരില്ല


ബ്യൂണസ് അയേഴ്‌സ്: മലയാളി കായിക പ്രേമികളെ നിരാശരാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഉടന്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തില്ല എന്ന് വിവരം. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് അര്‍ജന്റീന ടീം സമീപകാലത്ത് കേരളത്തിലെത്തില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണു കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിട്ടില്ല. ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അംഗോളയിലും ഖത്തറിലും അര്‍ജന്റീന മത്സരം ഉറപ്പിച്ചെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ ആയ ഗാസ്റ്റന്‍ എഡ്യൂള്‍ അര്‍ജന്റീനയില്‍ അറിയിച്ചു.

കേരളത്തിലെത്തും എന്ന സൂചനയുണ്ടായിരുന്ന ഒക്‌ടോബര്‍ മാസത്തില്‍ ചൈനയുമായാണ് അര്‍ജന്റീനയുടെ മത്സരം പ്രതീക്ഷിച്ചിരുന്നത്. കായികമന്ത്രി വി. അബ്ദുറഹ്മാനാണ് കേരളത്തില്‍ അര്‍ജന്റീന ടീമും മെസിയും ഒക്‌ടോബര്‍ മാസത്തിലെത്തുമെന്ന് അറിയിച്ചത്.

അംഗോളയെ ആഫ്രിക്കയില്‍ അര്‍ജന്റീന നേരിടും അതേസമയം ഖത്തറില്‍ അമേരിക്കയാണ് എതിരാളി. അതേസമയം ചൈനയുമായി അര്‍ജന്റീന രണ്ട് മത്സരങ്ങള്‍ കളിക്കും. 2011ല്‍ ഇതിനുമുന്‍പ് അര്‍ജന്റീന ഇന്ത്യയിലെത്തിയിരുന്നു. വെനസ്വലയായിരുന്നു അന്ന് എതിരാളികള്‍. 10ന് മത്സരം അര്‍ജന്റീന ജയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം കേരളത്തില്‍ വലിയ ആഘോഷമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ ക്ഷണിച്ചത്.

എന്നാല്‍ ഈ വര്‍ഷം അവരെത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.