വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് കേന്ദ്ര സംഘത്തില്‍ സിപിഎം പ്രതിനിധിയും പങ്കെടുക്കും-എം.എ ബേബി

വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് കേന്ദ്ര സംഘത്തില്‍ സിപിഎം പ്രതിനിധിയും പങ്കെടുക്കും-എം.എ ബേബി


ന്യൂഡല്‍ഹി: കേന്ദ്രനയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് വിദേശത്തേക്ക് ഇന്ത്യ അയക്കുന്ന സര്‍വകക്ഷി സംഘത്തില്‍ സിപിഎം പ്രതിനിധിയും ഉണ്ടാകമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്നും എംഎ ബേബി പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് കാര്യങ്ങള്‍ പറയാനും ജനപ്രതിനിധികള്‍ക്ക് എന്തെങ്കിലും വിശദീകരണങ്ങള്‍ തേടാനുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. എന്നാല്‍, 'ഓപ്പറേഷന്‍ സിന്ദൂറിനെ'ക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍. അത്തരമൊരു വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സര്‍ക്കാര്‍ വിളിക്കണമെന്ന് സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന് ആദ്യമായി ഉത്തരവാദിത്വം ഇന്ത്യയിലെ ജനങ്ങളോടാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പുലര്‍ത്തണം. സ്ഥിതിഗതികളെ വര്‍ഗീയവല്‍ക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാര്‍ പോലും നടത്തുന്ന പ്രചാരണം ഉടന്‍ അവസാനിപ്പിക്കണം. രാജ്യസഭാ കക്ഷിനേതാവായ ജോണ്‍ ബ്രിട്ടാസിനെ പ്രതിനിധിയായി അയക്കാന്‍ തീരുമാനിച്ചതായും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു