വാഷിംഗ്ടണ്‍: യു എസ് സര്‍ക്കാരിനെ കാര്യക്ഷമതയുള്ളതെന്ന് വിശേഷിപ്പിച്ച എന്‍ജിനിയറെ ഡോജില്‍ നിന്ന് പിരിച്ചുവിട്ടു. യു എസിന്റെ ഫെഡറല്‍ ആവാസവ്യവസ്ഥയില്‍ തട്ടിപ്പോ പ്രശ്‌നങ്ങളോ 'താരതമ്യേന നിലവിലില്ല' എന്നാണ് എന്‍ജിനിയര്‍ പരസ്യമായി പ്രസ്താവിച്ചത്. അതിനു ശേഷം താമസിയാതെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകായയിരുന്നു.
സര്‍ക്കാര്‍ എത്രത്തോളം കാര്യക്ഷമമായിരുന്നുവെന്ന് താന്‍ വ്യക്തിപരമായി അത്ഭുതപ്പെട്ടുവെന്നാണ് സാഹില്‍ ലാവിംഗിയ എന്‍ പി ആറിനോട് ഡോജിലെ തന്റെ 55 ദിവസത്തെ സേവനത്തെക്കുറിച്ച് വിവരിക്കുന്നതിനിടെ പറഞ്ഞത്.
മുന്‍ ഡോജ് മേധാവി എലോണ്‍ മസ്‌കും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെയാണ് എന്‍ജിനിയറെ പിരിച്ചുവിട്ടത്.
'ഏറ്റവും സുതാര്യമായ സ്ഥാപനത്തില്‍ സുതാര്യത പുലര്‍ത്തുന്നതിന് ഒരാളെ പുറത്താക്കുന്നത് അല്‍പ്പം രസകരമാണ്' എന്ന് ലാവിംഗിയ പരിഹസിച്ചു.
നിക്ഷേപകരുടെ പണം കൊണ്ട് നിറഞ്ഞിരിക്കുന്ന ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള കമ്പനികളില്‍ പലപ്പോഴും 'ഒന്നും ചെയ്യാതെ ഇരിക്കുന്ന ധാരാളം ആളുകള്‍' ഉണ്ടെന്ന് അദ്ദേഹം തമാശ പറഞ്ഞു. ഇതിനു വിപരീതമായി ഫെഡറല്‍ ഏജന്‍സികള്‍ തീവ്രമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നു. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.