വാഷിംഗ്ടണ്‍: ജനപ്രിയ ഗായിക ടെയ്ലര്‍ സ്വിഫ്റ്റിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് ശേഷം അവര്‍ അത്ര ഹോട്ട് ആയി കാണപ്പെടുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഹാസം. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് തന്റെ 'ചൂടന്‍' ചിന്ത പങ്കുവെച്ചത്.
നേരത്തെ കമല ഹാരിസിനെ പിന്തുണച്ചതിന് ടെയ്ലര്‍ സ്വിഫ്റ്റിനെതിരെ ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. താന്‍ കമലാ ഹാരിസിന് വോട്ടുചെയ്യുമെന്നും കാരണം അവര്‍ അവകാശങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി പോരാടുന്നുണ്ടെന്നും അവരെ സംരക്ഷിക്കാന്‍ ഒരു യോദ്ധാവ് ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വിഫ്റ്റ് പോസ്റ്റില്‍ എഴുതി.
സ്ഥിരതയുള്ള നേതാവാണ് കമല ഹാരിസെന്നും പ്രതിഭാധനയായ നേതാവാണെന്ന് താന്‍ കരുതുന്നതായും എഴുതിയ സ്വിഫ്റ്റ് കുഴപ്പങ്ങളല്ല, ശാന്തതയാണ് നമ്മെ നയിക്കുന്നതെങ്കില്‍ ഈ രാജ്യത്ത് നമുക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
മറ്റൊരു പോസ്റ്റില്‍ ട്രംപ് അമേരിക്കന്‍ ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ ബ്രൂസ് സ്പ്രിംഗ്സ്റ്റീനെതിരെയും ആഞ്ഞടിച്ചു. അദ്ദേഹത്തെ 'വളരെ അമിതമായി വിലയിരുത്തപ്പെട്ടവന്‍' എന്നും അദ്ദേഹം കഴിവുള്ള ആളല്ലെന്നുമാണ് പറഞ്ഞത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച സ്പ്രിംഗ്സ്റ്റിനെ ട്രംപ് വിമര്‍ശിച്ചിരുന്നു.