തിരിച്ചടിച്ച് ഇന്ത്യ; പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തി

തിരിച്ചടിച്ച് ഇന്ത്യ; പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തി


ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ രൂക്ഷമാകുന്നതിനിടയില്‍ നിര്‍ണായകമായ നീക്കം നടത്തി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തി.
ഇതോടെ പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല. പാകിസ്താന്റെ യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പാകിസ്താന്‍ വഴി ഇന്ത്യയിലെത്തുന്ന വിദേശ വിമാന സര്‍വിസുകള്‍ക്ക് വിലക്കില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്കു പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാകിസ്താന്‍ അനുമതി നിഷേധിച്ചത്. പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന് സൈനിക തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സേനാ മേധാവികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിനുപിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷവും യുദ്ധവുമൊഴിവാക്കാന്‍ ഐക്യരാഷ്ട്ര സഭ (യു.എന്‍) യും വിദേശ രാജ്യങ്ങളും മധ്യസ്ഥ നീക്കം നടത്തുന്നുണ്ട്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെട്ടതിനിടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണില്‍ സംസാരിച്ചു. ഇതുകൂടാതെ യു.എസും സൗദിയും സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ മധ്യസ്ഥനീക്കം തുടങ്ങിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായുമാണ് അന്റോണിയോ ഗുട്ടെറസ് ഫോണ്‍ സംഭാഷണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ് ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായ മാര്‍ഗങ്ങളിലൂടെ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ധിക്കുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. യു.എന്‍ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചതിനെ അഭിനന്ദിക്കുന്നുവെന്നുപറഞ്ഞ ജയ്ശങ്കര്‍, ആക്രമണത്തിന് പിന്നിലുള്ള ആസൂത്രകരെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യ എന്ന് 'എക്‌സി'ല്‍ കുറിച്ചു.

മാധ്യസ്ഥ സംഭാഷണം സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പാകിസ്താന്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ യു.എന്‍ അതിന്റെ പങ്കുവഹിക്കണമെന്നും വ്യക്തമാക്കി. പഹല്‍ഗാം സംഭവത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടുവെന്ന് 'എക്‌സി'ല്‍ കുറിച്ചു.

യു.എന്നിനുപുറമെ യു.എസും സൗദിയും സമാധാന നീക്കങ്ങള്‍ക്ക് മാധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധമൊഴിവാക്കണമെന്ന നിലപാട് ഇരു രാഷ്ട്രങ്ങളും അറിയിച്ചിട്ടുണ്ട്.