തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തി. രാത്രി 7.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനം ലാന്‍ഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, തിരുവനന്തപുരം എംപി ശശിതരൂര്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തുടര്‍ന്ന് നരേന്ദ്രമോഡി രാജ്ഭവനിലേക്ക് പുറപ്പെട്ടു. രാത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും. അതിന് ശേഷം തുറമുഖം നടന്നു കാണും, തുടര്‍ന്ന് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ സംസാരിക്കും.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്.പി.ജി ഏറ്റെടുത്തു. കടലില്‍ കോസ്റ്റ്ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കും.