വാഷിംഗ്ടണ്‍: അഭിപ്രായവ്യത്യാസങ്ങള്‍ മുഴുവന്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒടുവില്‍ യുക്രെയ്ന്‍-യുഎസുമായി ധാതുഖനന - പ്രകൃതിവിഭവ കരാറുകളില്‍ ഒപ്പിട്ടു. അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നെങ്കിലും, മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വാഷിംഗ്ടണില്‍ കരാറില്‍ ഒപ്പുവച്ചു.
റഷ്യയുടെ അധിനിവേശത്തില്‍ നിന്ന് യുക്രെയ്‌നിന്റെ സമ്പദ് ഘടനയുടെ വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിനൊപ്പം വാഷിംഗ്ടണ്‍ നല്‍കിയ 'പ്രധാനപ്പെട്ട സാമ്പത്തികവും ഭൗതികവുമായ പിന്തുണ' അംഗീകരിക്കുന്ന ഒരു യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് യുക്രെയ്ന്‍ പുനര്‍നിര്‍മ്മാണ നിക്ഷേപ ഫണ്ട് സ്ഥാപിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.
യുക്രെയ്‌നിലെ അപൂര്‍വ ധാതുക്കള്‍ വാഷിംഗ്ടണിന് ലഭ്യമാക്കുന്ന ഒരു കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളെത്തുടര്‍ന്ന്, യുക്രെയ്‌നുമായി സാമ്പത്തിക പങ്കാളിത്തം ഉറപ്പിച്ചതായാണ് അമേരിക്കയുടെ പ്രഖ്യാപനം. യുക്രെയ്ന്‍ പുനര്‍നിര്‍മ്മാണ നിക്ഷേപ ഫണ്ട് സ്വരൂപീകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ട്രഷറി വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ധാതു കരാറില്‍ ഒപ്പുവെച്ചതും പുതിയ യുഎസ്-യുക്രെയ്ന്‍ നിക്ഷേപ ഫണ്ട് സ്ഥാപിച്ചതും സംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടു.
' സ്വതന്ത്രവും പരമാധികാരമുള്ളതും സമൃദ്ധവുമായ യുക്രെയ്ന്‍ എന്ന ലക്ഷ്യത്തിനു വേണ്ടി, ഒരു സമാധാന പ്രക്രിയയ്ക്ക് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ഈ ക്രൂരവും അര്‍ത്ഥശൂന്യവുമായ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്.' - റഷ്യന്‍ നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ട് ബെസെന്റ് പറഞ്ഞു.
ഫണ്ട് വേഗത്തില്‍ കൈമാറുന്നതിന് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ യുക്രെയ്ന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്‌നിനുവേണ്ടി കരാറില്‍ ഒപ്പുവച്ച ഉപപ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ, സോഷ്യല്‍ മീഡിയയില്‍ അതിന്റെ വ്യവസ്ഥകള്‍ പങ്കുവച്ചിട്ടുണ്ട്.
ധാതുക്കള്‍, എണ്ണ, വാതകം എന്നിവയിലെ യുക്രേനിയന്‍ പദ്ധതികളില്‍ പാശ്ചാത്യ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്നും ഒരു പുനര്‍നിര്‍മ്മാണ നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനാണ് ഇതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
വിഭവങ്ങള്‍ യുക്രെയ്‌നിന്റെ സ്വത്തായി തുടരുമെന്നും ഖനനം എവിടെ നടത്തണമെന്ന് കീവ് തീരുമാനിക്കുമെന്നും അവര്‍ പറയുന്നു.
പങ്കാളിത്തം 50/50 അടിസ്ഥാനത്തില്‍ തുല്യമായിരിക്കും, കരാറില്‍ യുഎസിനോട് കടബാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നിലെ പദ്ധതികളിലേക്ക് നിക്ഷേപവും സാങ്കേതികവിദ്യയും ആകര്‍ഷിക്കാന്‍ സഹായിക്കുന്നതില്‍ യുഎസ് ഒരു പങ്കു വഹിക്കും. പകരമായി, യുക്രെയ്‌നിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായം യുഎസ് സംഭാവന ചെയ്യും. ഫണ്ടിന്റെ വരുമാനത്തിനും സംഭാവനകള്‍ക്കും ഇരു രാജ്യങ്ങളും നികുതി ചുമത്തില്ല.
ആഗോള സുരക്ഷയ്ക്ക് യുക്രെയ്ന്‍ നല്‍കിയ സംഭാവനകളെ കരാര്‍ അംഗീകരിക്കുന്നു, കരാറിന് മധ്യസ്ഥത വഹിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
കൂടുതല്‍ സൈനിക സഹായം ലഭിക്കുന്നതിനായി യുക്രെയ്ന്‍ യുഎസുമായി ധാതുവിഭവ കരാറില്‍ ഒപ്പുവച്ചു
