ട്രെയിനിലെ ബെഡ്ഷീറ്റും തൂവാലയും കാണാതാകുന്നു; നാല് വർഷത്തിനിടെ റെയിൽവേയ്ക്ക് നഷ്ടമായത് 104 കോടി രൂപയിലേറെ

ട്രെയിനിലെ ബെഡ്ഷീറ്റും തൂവാലയും കാണാതാകുന്നു; നാല് വർഷത്തിനിടെ റെയിൽവേയ്ക്ക് നഷ്ടമായത് 104 കോടി രൂപയിലേറെ


ന്യൂഡൽഹി: ട്രെയിനുകളിലെ എ.സി. കോച്ചുകളിൽ യാത്രക്കാർക്കായി നൽകുന്ന ബെഡ്ഷീറ്റ്, തൂവാല, പുതപ്പ് തുടങ്ങിയ ലിനൻ സാധനങ്ങൾ മോഷണം പോകുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു. 2022 ജനുവരി മുതൽ 2026 മെയ് വരെ രാജ്യത്താകെ 1.27 കോടിയിലധികം ലിനൻ വസ്തുക്കൾ നഷ്ടപ്പെട്ടതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കാലയളവിൽ ലിനൻ മോഷണം മൂലം 104.51 കോടി രൂപയുടെ നഷ്ടമാണ് ബെഡ്‌റോൾ വിതരണ കരാറുകാർക്ക് ഉണ്ടായത്. കോവിഡ് കാലത്തിനശേഷം ബെഡ്‌റോൾ സേവനം പുനരാരംഭിച്ചതിന് പിന്നാലെ മോഷണസംഭവങ്ങൾ വർധിച്ചതായും 2022നെ അപേക്ഷിച്ച് 2025ൽ മോഷണം 56 ശതമാനം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കൂടുതൽ മോഷണം പോയത് മുഖം തുടയ്ക്കുന്ന തൂവാലകളാണ്. 46.54 ലക്ഷം തൂവാലകൾ കാണാതായപ്പോൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം തലയണക്കവറുകളും 12.95 ലക്ഷം പുതപ്പുകളും നഷ്ടപ്പെട്ടു. ഏറ്റവും കുറവ് മോഷണം പോയത് തലയണകളാണ്.

റെയിൽവേയുടെ 18 സോണുകളിൽ 16 സോണുകളിലെ 54 ഡിവിഷനുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ബിക്കാനേർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് റാഞ്ചി, ഡൽഹി, മുംബൈ, ജോധ്പുർ, അഹമ്മദാബാദ് ഡിവിഷനുകളാണ്.

ലിനൻ മോഷണം ഗുരുതര പ്രശ്‌നമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. നഷ്ടം നികത്താൻ അധിക ബെഡ്‌റോൾ സെറ്റുകൾ ഒരുക്കേണ്ടിവരുന്നുണ്ടെന്നും, വിതരണ ചുമതലയുള്ള ഏജൻസികളിൽ നിന്ന് കുറവിന്റെ ചെലവ് ഈടാക്കുന്ന സംവിധാനമാണ് നിലവിലുള്ളതെന്നും റെയിൽവേ വക്താവ് അറിയിച്ചു. മോഷണം തടയാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.