ന്യൂഡൽഹി: പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ഇറ്റലി തയ്യാറാണെന്ന് ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ അന്റോണിയോ എന്റക്കോ ബാർട്ടോളി പറഞ്ഞു. പ്രതിരോധം, വ്യാപാരം, ബഹിരാകാശം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇറ്റലി ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ വർഷത്തെ ഇറ്റലി സന്ദർശനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായതായി ബാർട്ടോളി പറഞ്ഞു. 2025-29 സംയുക്ത പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, ഊർജം, ബഹിരാകാശം, സാംസ്‌കാരിക മേഖലകൾ എന്നിവയിൽ സഹകരണം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ രംഗത്ത് സംയുക്ത രൂപകൽപന, സംയുക്ത വികസനം, സംയുക്ത ഉൽപാദനം എന്നിവ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും വ്യവസായ സഹകരണ റോഡ്മാപ്പ് സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വലിയ വിപണിയും ഇറ്റലിയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിച്ചാൽ പ്രതിരോധ ഉൽപാദനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) 2026ഓടെ യാഥാർഥ്യമാക്കണമെന്ന് ഇറ്റലി ആഗ്രഹിക്കുന്നതായും ബാർട്ടോളി പറഞ്ഞു. യന്ത്രസാമഗ്രികൾ, വാഹനഘടകങ്ങൾ, രാസവസ്തുക്കൾ, കാർഷികഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യാപാരം വർധിപ്പിക്കാനാണ് ലക്ഷ്യം. 2029ഓടെ ഇരുരാജ്യങ്ങളുടെയും വ്യാപാരം 2000 കോടി യൂറോയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ സഹകരണവും കൂടുതൽ ശക്തമാകുകയാണ്. ഉപഗ്രഹങ്ങൾ, ഭൂനിരീക്ഷണം, ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സഹകരിക്കാൻ ഇറ്റലി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മിഡിൽ ഈസ്റ്റ്‌യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) പദ്ധതിയും ദീർഘകാലാടിസ്ഥാനത്തിൽ നിർണായകമാണെന്നും നിലവിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലും പദ്ധതി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും ബാർട്ടോളി വ്യക്തമാക്കി.
പ്രതിരോധമേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറെന്ന് ഇറ്റലി; പ്രതിരോധ വ്യവസായ വികസനത്തിന് പിന്തുണ വാഗ്ദാനം
