'ജുറാസിക് പാർക്ക്' താരം സാം നീൽ അന്തരിച്ചു

'ജുറാസിക് പാർക്ക്' താരം സാം നീൽ അന്തരിച്ചു


ലണ്ടൻ: 'ജുറാസിക് പാർക്ക്' സിനിമകളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ പ്രമുഖ നടൻ സാം നീൽ അന്തരിച്ചു. 78 വയസായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. അപ്രതീക്ഷിതമായ വേർപാടായിരുന്നെങ്കിലും, അദ്ദേഹം കാൻസർ മുക്തനായിരുന്നു എന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

1947 സെപ്തംബർ 14ന് ഉത്തര അയർലൻഡിലെ ഒമാഘിൽ നൈജൽ ജോൺ ഡെർമോട്ട് നീൽ എന്ന പേരിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറി. കാന്റർബറി സർവകലാശാലയിൽ പഠിക്കുന്നതിനിടെയാണ് അഭിനയരംഗത്തേക്ക് കടന്നത്.

1971ൽ ടെലിവിഷൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാം നീൽ, 1977ലെ സ്ലീപ്പിംഗ് ഡോഗ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒമൻ III: ദ ഫൈനൽ കോൺഫ്‌ഴിക്റ്റ് ' എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർത്തി.

1993ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത 'ജുറാസിക് പാർക്ക്' എന്ന ചിത്രത്തിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് സാം നീലിനെ ലോകപ്രശസ്തനാക്കിയത്. തുടർന്ന്  'ജുറാസിക് പാർക്ക് II,   'ജുറാസിക് പാർക്ക് III',  ജുറാസിക് വേൾഡ് ഡൊമീനിയൻ എന്നിവയിലും അദ്ദേഹം അതേ കഥാപാത്രത്തെ അവതരിപ്പിച്ചു.   ദി ട്യൂഡർസ്, മെർലിൻ, പീക്കി ബ്ലൈൻഡേർസ്, തോർ റഗ്നറോക് , തോർ ലവ് ആന്റ് തണ്ടർ, ബൈസെന്റനിയൽ മാൻ, ഇവന്റ് ഹൊറൈസൺ തുടങ്ങിയ സിനിമകളിലും പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

1991ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (OBE) ബഹുമതി ലഭിച്ചു. 2022ൽ ന്യൂസിലൻഡ് ഓർഡർ ഓഫ് മെറിറ്റിന്റെ നൈറ്റ് കംപാനിയൻ ബഹുമതിയും ലഭിച്ചതോടെ അദ്ദേഹത്തെ 'സർ സാം നീൽ' എന്ന് ആദരിക്കപ്പെട്ടു.

2022ൽ അപൂർവ രക്താർബുദമായ ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടിസെൽ ലിംഫോമ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ചികിത്സയിലൂടെ പിന്നീട് കാൻസർ മുക്തനായെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ചികിത്സയ്ക്കിടെയാണ് ആത്മകഥയായ Did I Ever Tell You This? രചിച്ചത്.

മുൻഭാര്യ നൊറികോ വത്തനാബെയിൽ എലീനയും, നടി ലിസ ഹാരോയിൽ ടിമും ഉൾപ്പെടെ രണ്ട് മക്കളാണ് സാം നീൽ -ന് ഉള്ളത്. അഭിനയമികവുകൊണ്ടും അനശ്വര കഥാപാത്രങ്ങളിലൂടെയും ലോക സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ച കലാകാരനെയാണ് സിനിമാലോകത്തിന് നഷ്ടമായിരിക്കുന്നത്.