ഇന്ത്യ അടുത്ത ബന്ധുവെന്ന് അഫ്ഗാന്‍ മന്ത്രി; അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി സ്ഥാപിക്കുമെന്ന് എസ് ജയശങ്കര്‍

ഇന്ത്യ അടുത്ത ബന്ധുവെന്ന് അഫ്ഗാന്‍ മന്ത്രി; അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി സ്ഥാപിക്കുമെന്ന് എസ് ജയശങ്കര്‍


ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും ഉഭയകക്ഷി ചര്‍ച്ചകളില്‍ തീരുമാനം. അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷന്‍ എംബസി ആയി ഉയര്‍ത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് എസ് ജയശങ്കറിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്താനില്‍ ഖനനം നടത്താനായി ഇന്ത്യ കമ്പനികളെ ക്ഷണിച്ച താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. കാബൂളിനും ഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ ഇന്ത്യന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അഫ്ഗാനിസ്താന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയില്‍ ഇന്ത്യ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള അടുത്ത സഹകരണം അഫ്ഗാനിസ്താന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും സംഭാവന ചെയ്യുന്നു. അത് വര്‍ധിപ്പിക്കുന്നതിനായി, കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ ഇന്ത്യന്‍ എംബസിയുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ ഖനന അവസരങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ചത് വളരെയധികം വിലമതിക്കുന്നു. ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യാം. വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് പൊതുവായ താല്‍പ്പര്യമുണ്ട്. കാബൂളിനും ന്യൂഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വര്‍ധിപ്പിക്കും. ഇന്ത്യയും അഫ്ഗാനിസ്താനും ഇടപെടലുകളും കൈമാറ്റങ്ങളും വര്‍ധിപ്പിക്കണം. തങ്ങളുടെ പ്രദേശം മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കാന്‍ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും മുത്തഖി പറഞ്ഞു. ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അടുത്തിടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആദ്യം സഹായഹസ്തം നീട്ടിയത് ഇന്ത്യയാണെന്ന് എടുത്തുപറഞ്ഞു. കാബൂളിന് വേണ്ടത് പരസ്പര ബഹുമാനവും വ്യാപരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ആദ്യമായാണ് ഒരു താലിബാന്‍ നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

2021ലെ യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് കാബൂളിലെ എംബസി ഇന്ത്യ പൂട്ടിയത്. പിന്നീട്, ഒരുവര്‍ഷത്തിന് ശേഷം വ്യാപാര, ആരോഗ്യ, മാനുഷിക സഹായങ്ങള്‍ക്കായി ടെക്‌നിക്കല്‍ മിഷന്‍ ആരംഭിക്കുകയായിരുന്നു. ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ എംബസികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യം റഷ്യ മാത്രമാണ്. ഇതുവരെ ഇന്ത്യയും താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.