ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ കക്ഷികളുടെ പാര്‍ലമെന്ററി നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
'മോഡി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബില്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്. ജനാധിപത്യത്തെ തകര്‍ക്കുകയും സമ്പൂര്‍ണ അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ തെരഞ്ഞെടുപ്പില്‍ '400 കടക്കുക' എന്നതായിരുന്നു മുദ്രാവാക്യം. ഇപ്പോഴത് '800 കടക്കുക' എന്ന ലക്ഷ്യത്തിലേക്ക് മാറിയിരിക്കുന്നു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തി അധികാരം പിടിച്ചെടുക്കാനും അനിശ്ചിതകാലത്തേക്ക് നിലനിര്‍ത്താനുമാണ് ശ്രമം,' ഖാര്‍ഗെ പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കുന്നതിനെയും ഖാര്‍ഗെ എതിര്‍ത്തു. പത്തുകോടിയിലധികം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തുവെന്ന് ആരോപിച്ച അദ്ദേഹം, കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
'പത്തുകോടിയിലധികം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ അതേ വിവാദ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഇപ്പോള്‍ മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നടപടിയുടെ നിഷ്പക്ഷതയെയും ഖാര്‍ഗെ ചോദ്യം ചെയ്തു. അസമിലും ജമ്മു കശ്മീരിലും നടന്ന മണ്ഡല പുനര്‍നിര്‍ണയ നടപടികളും അദ്ദേഹം ആശങ്കയ്ക്കുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതിയില്‍ ഇല്ലെന്നും ഖാര്‍ഗെ ആരോപിച്ചു. ഓരോ സംസ്ഥാനത്തെയും ജനസംഖ്യാനുപാതികമായി ഈ വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇന്ത്യാ സഖ്യം മുന്നോട്ടുവെച്ചത്.
ലോക്സഭയിലെ നിലവിലെ അംഗബലം നിലനിര്‍ത്തുക, നിലവിലെ ലോക്സഭാ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ സംവരണം നടപ്പാക്കുക,
ലോക്സഭയില്‍ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള നിലവിലെ സീറ്റ് വിഭജനം അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരുക എന്നിവയാണവ.
ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം കോണ്‍ഗ്രസാണ് പ്രതിപക്ഷത്തിന്റെ സംയുക്ത ആവശ്യങ്ങള്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി നിര്‍ദിഷ്ട നിയമനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സംയുക്ത തന്ത്രം രൂപീകരിക്കാനുമായിരുന്നു യോഗം.
എക്‌സിലെ പോസ്റ്റിലൂടെയും കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു. ലോക്സഭയിലെ നിലവിലെ അംഗബലം നിലനിര്‍ത്തണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വനിതാ സംവരണം നടപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കിടയിലെ സീറ്റ് വിഭജനത്തില്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം.
എന്‍ സി പി- എസ് പിയും ഡി എം കെയും യോഗത്തില്‍നിന്ന് വിട്ടുനിന്നു
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ശിവസേന (ഉദ്ധവ് വിഭാഗം), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്വതന്ത്ര എം പി കപില്‍ സിബലും യോഗത്തില്‍ സന്നിഹിതനായിരുന്നു. വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെ പ്രതിനിധിക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ല.
പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്ചന്ദ്ര പവാര്‍ വിഭാഗം (എന്‍ സി പി- എസ് പി) യോഗത്തില്‍ പങ്കെടുത്തില്ല.
തമിഴ്നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വേണമെന്ന നിബന്ധനയോടെ പരിഷ്‌കരിച്ച നിര്‍ദേശങ്ങളെ പിന്തുണച്ചിട്ടുള്ള ദ്രാവിഡ മുന്നേറ്റ കഴകവും (ഡി എം കെ) യോഗത്തില്‍നിന്ന് വിട്ടുനിന്നു.
