യെമന്‍ തീരത്ത് ചരക്കുകപ്പല്‍ ആയുധധാരികള്‍ തട്ടിയെടുത്തു

യെമന്‍ തീരത്ത് ചരക്കുകപ്പല്‍ ആയുധധാരികള്‍ തട്ടിയെടുത്തു


സന്‍ആ: യെമന്റെ തെക്കന്‍ തീരത്തിന് സമീപം ചരക്കുകപ്പല്‍ ആയുധധാരികള്‍ തട്ടിയെടുത്തു. ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

യെമനിലെ ബാല്‍ഹാഫിന് തെക്കുപടിഞ്ഞാറായി ഏകദേശം 120 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ആയുധധാരികള്‍ കപ്പലില്‍ അതിക്രമിച്ചുകയറി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

അനധികൃതമായി കപ്പലില്‍ പ്രവേശിച്ചവര്‍ കപ്പലിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതായും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും യുകെഎംടിഒ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമീപപ്രദേശമായ ആഫ്രിക്കന്‍ മുനമ്പിലും പരിസരമേഖലകളിലും കടല്‍ക്കൊള്ള സംഭവങ്ങള്‍ വര്‍ധിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് വഴിവെച്ചതിനു പിന്നാലെ അറേബ്യന്‍ ഉപദ്വീപിനും പരിസരപ്രദേശങ്ങള്‍ക്കും സമീപം സഞ്ചരിക്കുന്ന കപ്പലുകള്‍ സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്.

കപ്പല്‍ തട്ടിയെടുത്തവരുടെ വിവരങ്ങളോ കപ്പലിലുള്ള ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.