ഔദ്യോഗിക രേഖകളില്‍നിന്ന് സ്ത്രീകളുടെ പേരുകള്‍ ഒഴിവാക്കാന്‍ താലിബാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്

ഔദ്യോഗിക രേഖകളില്‍നിന്ന് സ്ത്രീകളുടെ പേരുകള്‍ ഒഴിവാക്കാന്‍ താലിബാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടത്തിനു കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അവരുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ബല്‍ഖില്‍ ഔദ്യോഗിക രേഖകളില്‍ സ്ത്രീകളുടെ പേരുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യരേഖകള്‍, മരുന്ന് കുറിപ്പടികള്‍ തുടങ്ങി ഔദ്യോഗിക രേഖകളില്‍ സ്ത്രീകളുടെ പേരുകള്‍ രേഖപ്പെടുത്തരുതെന്നാണ് നിര്‍ദേശമെന്നാണ് വിവരം. പകരം സ്ത്രീകളെ അപമാനകരമായ മൃഗവിശേഷണങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യാനും നിര്‍ദേശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. നിലവില്‍ ഒരു പ്രവിശ്യയില്‍ മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയപ്പെടുന്നതെങ്കിലും രാജ്യവ്യാപകമായി സമാന നിയന്ത്രണം ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

സ്പാനിഷ് ദിനപത്രമായ എല്‍ പൈസ്, അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ സാന്‍ ടൈംസിന്റെയും ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്റെയും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആരോഗ്യപ്രവര്‍ത്തകരോടും മറ്റ് സര്‍ക്കാര്‍ ജീവനക്കാരോടും സ്ത്രീകളെ 'ബീബി' എന്ന് വിളിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുത്തശ്ശി അല്ലെങ്കില്‍ പ്രായമായ സ്ത്രീ എന്ന അര്‍ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്.

ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ വനിതാ അവകാശ പ്രവര്‍ത്തക ലാല ഒസ്മാനി, സ്ത്രീകള്‍, ഡോക്ടര്‍മാര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ചില സ്ത്രീകളെ 'ആട്', 'പശു' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചും അഭിസംബോധന ചെയ്യുന്നുണ്ടെന്ന് എല്‍ പൈസിനോട് പറഞ്ഞു.

മനുഷ്യരെന്ന നിലയിലുള്ള വ്യക്തിത്വം ഇല്ലാതാക്കുന്നതിനുള്ള ആസൂത്രിതമായ നടപടിയാണിത്, ഒസ്മാനി പ്രതികരിച്ചു.

പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ എല്‍ പൈസിനോട് സംസാരിച്ച മറ്റൊരു അഫ്ഗാന്‍ വനിതാ പ്രവര്‍ത്തകയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ നിര്‍ദേശം അവഗണിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫിമേന സംഘടനയുടെ അഫ്ഗാന്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്ന സുബൈദ അക്ബറും ആശങ്ക പ്രകടിപ്പിച്ചു. ബല്‍ഖില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റ് പ്രവിശ്യകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ മുന്നറിയിപ്പ്. നേരത്തെയും പ്രാദേശികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്നീട് രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ അവകാശങ്ങള്‍ നിയന്ത്രിക്കുന്ന 144-ലധികം ഉത്തരവുകള്‍ ഫിമേന ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്‍ പൈസ് റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 12 വയസ്സിനുശേഷം പെണ്‍കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. ഭൂരിഭാഗം തൊഴില്‍മേഖലകളില്‍നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തിയതിനു പുറമെ പൊതുസ്ഥലങ്ങളില്‍ സംസാരിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.

ഇത്തരം നിയന്ത്രണങ്ങള്‍ക്കിടയിലും ചില സ്ത്രീകള്‍ രഹസ്യമായി നടത്തുന്ന സ്ഥാപനങ്ങളിലൂടെയും അനൗദ്യോഗിക സ്‌കൂളുകളിലൂടെയും പ്രവര്‍ത്തനം തുടരുന്നുണ്ട്.

കാബൂളിലെ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉടമ തന്റെ സുരക്ഷ കണക്കിലെടുത്ത് പേര് വെളിപ്പെടുത്താതെ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവെ, നേരത്തെ നടത്തിയിരുന്ന പാര്‍ലറില്‍ അധികൃതര്‍ റെയ്ഡ് നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി പറഞ്ഞു.

'എന്നാല്‍ ഇപ്പോള്‍ അതിനുപോലും അവര്‍ അനുവദിക്കുന്നില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് ജോലി ചെയ്യുക എന്നത് തന്നെ കുറ്റമായി മാറിയിരിക്കുന്നു,' അവര്‍ പറഞ്ഞു.

രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലെ അധ്യാപികയും നിയന്ത്രണങ്ങള്‍ വ്യാപിക്കുമോയെന്ന ആശങ്ക പങ്കുവെച്ചു. 'അങ്ങനെയൊരു സാഹചര്യമുണ്ടാകുമെന്ന ചിന്ത തന്നെ ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു,' അവര്‍ പറഞ്ഞു.

അതേസമയം, ശരിഅത്ത് നിയമങ്ങളും നിലവിലുള്ള നിയമങ്ങളും പാലിക്കുന്നിടത്തോളം സ്ത്രീകള്‍ക്ക് വ്യാപാരവും സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്താമെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് അസ്ലം അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു.

ഔദ്യോഗിക രേഖകളില്‍ സ്ത്രീകളുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള മുന്‍കാല പോരാട്ടവും പുതിയ വിവാദം വീണ്ടും ഓര്‍മിപ്പിക്കുന്നു. ലാല ഒസ്മാനിയുടെ നേതൃത്വത്തിലുള്ള പ്രചാരണത്തിന്റെ ഫലമായി 2020ല്‍ ഔദ്യോഗിക രേഖകളില്‍ അമ്മമാരുടെ പേരുകള്‍ സ്വമേധയാ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചിരുന്നു.

എന്നാല്‍ 2021 ഓഗസ്റ്റില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നേട്ടം.