'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനര്‍നിര്‍ണയ ബില്ല് പാസാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭാംഗങ്ങളുടെ എണ്ണം 850 സീറ്റുകളായി ഉയര്‍ത്താനുള്ള നീക്കം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ബിജെപിയുടെ ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിനുള്ള ഒരു മറയായി സ്ത്രീ സംവരണത്തെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 33 ശതമാനം സ്ത്രീ സംവരണം ഇതിനകം പാര്‍ലമെന്റ് പാസാക്കിയതാണെന്നും, നിലവിലുള്ള ലോക്സഭാ അംഗസംഖ്യയില്‍ തന്നെ അത് നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്‍ നിയമമായാല്‍ ബിജെപിക്ക് അവരുടെ തെരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതാനുള്ള അവസരമൊരുക്കുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അസം, ബിഹാര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. '850' എന്ന സംഖ്യ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും യുവവോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

'വോട്ട് കൊള്ള' ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താമെന്ന ധാരണയുടെ കാലം കഴിഞ്ഞെന്നും ഇപ്പോള്‍ ക്രമക്കേടുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും ഞങ്ങള്‍ വെട്ടിലാക്കിയിരിക്കുകയാണ്. അവര്‍ക്കും ഇക്കാര്യം അറിയാം, ഞങ്ങള്‍ക്കും അറിയാം.' - രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടെ സര്‍വേ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും 18-നും 29-നും ഇടയില്‍ പ്രായമുള്ള ജെന്‍-സീ വിഭാഗമാണെന്നും ഇവരെല്ലാവരും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംവരണം അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഖാര്‍ഗെ ഇന്ത്യാ സഖ്യയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ പിന്നാക്ക താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരഘടന അനുവദിച്ച സംവരണം ബില്ലില്‍ ഇല്ലെന്നും ഇത് അനീതിയാണെന്നും ഖാര്‍ഗെ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം. ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു

സീറ്റുകളുടെ എണ്ണം 850-ആയി ഉയര്‍ത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന പറഞ്ഞ ഖാര്‍ഗെ ബില്‍ പാസായാല്‍ ജനാധിപത്യം അവസാനിക്കുമെന്നും പറഞ്ഞു. ബിജെപിയുടെ കൈകളില്‍ അധികാരം കേന്ദ്രീകരിച്ചാല്‍, അവര്‍ക്ക് ഭരണഘടന മാറ്റിയെഴുതും. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചതായും ഖാര്‍ഗെ പറഞ്ഞു.

യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, യുപിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി രാജേന്ദ്ര പാല്‍ ഗൗതം, കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സമാജ്വാദി പാര്‍ട്ടി, സിപിഎം, ആര്‍എല്‍ഡി, സിപിഐ, ആര്‍എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തിനെത്തി. ജെഎംഎം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. എന്‍സിപി എസ്പി വിഭാഗം യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല യോഗമാണ് ഖര്‍ഗെയുടെ വീട്ടില്‍ വിളിച്ചത്. ആംആദ്മി പാര്‍ട്ടിയും യോഗത്തിന് എത്തിയില്ല. അതേസമയം ഡിഎംകെയുടെ പിന്തുണ പ്രതിപക്ഷത്തിന് തിരിച്ചടിയായി.