കുട്ടികളുടെ കളിസ്ഥലത്തിനടിയില്‍ രഹസ്യ കഞ്ചാവ് കൃഷി; സ്‌പെയിനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ കളിസ്ഥലത്തിനടിയില്‍ രഹസ്യ കഞ്ചാവ് കൃഷി; സ്‌പെയിനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍


മാഡ്രിഡ്: കുട്ടികളുടെ കളിസ്ഥലത്തിനടിയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വന്‍ കഞ്ചാവ് കൃഷിയിടം സ്‌പെയിനില്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഗ്രനേഡ നഗരത്തിന് സമീപമുള്ള ലാസ് ഗാബിയാസിലാണ് സംഭവം. 'ബ്രേക്കിങ് ബാഡ്' എന്ന പ്രശസ്ത ടെലിവിഷന്‍ പരമ്പരയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള രഹസ്യസംവിധാനമാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വിശേഷിപ്പിച്ചു.

ഗ്രനേഡയിലും സമീപപ്രദേശങ്ങളിലുമായി പത്തിലധികം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭൂമിക്കടിയിലെ കൃഷിയിടം കണ്ടെത്തിയത്. സ്‌പെയിനിലെ സിവില്‍ ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

വീടിന്റെ പിന്‍ഭാഗത്തുള്ള സ്വകാര്യ സ്ഥലത്തായിരുന്നു ഭൂഗര്‍ഭ കേന്ദ്രത്തിലേക്കുള്ള പ്രവേശനകവാടം. ഊഞ്ഞാലും കുട്ടികള്‍ക്ക് കളിക്കാനുള്ള ചെറിയ വീടും സ്ഥാപിച്ചിരുന്ന കൃത്രിമ പുല്‍ത്തകിടിക്കടിയില്‍ വിദഗ്ധമായാണ് ഇത് മറച്ചുവെച്ചിരുന്നത്. ചെറിയ ട്രാംപോളിനും കളിസ്ഥലത്തുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള ചരല്‍ വിരിച്ചും മനോഹരമായ പൂന്തോട്ടം ഒരുക്കിയും സാധാരണ കുട്ടികളുടെ കളിസ്ഥലമാണെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

കളിസ്ഥലത്തിനടിയിലെ പ്രവേശനകവാടത്തില്‍ ഹൈഡ്രോളിക് സംവിധാനവും ഘടിപ്പിച്ചിരുന്നു. കൃത്രിമ പുല്‍ത്തകിടി ഉയര്‍ത്തിയശേഷം താഴെയുള്ള വാതില്‍ തുറന്നപ്പോഴാണ് ഭൂഗര്‍ഭ ബങ്കറിലേക്കുള്ള പ്രവേശനപാത കണ്ടെത്തിയതെന്ന് സിവില്‍ ഗാര്‍ഡ് അറിയിച്ചു.

പുല്‍ത്തകിടി ഉയര്‍ത്തി രഹസ്യവാതിലിലൂടെ അകത്തുകടന്ന ഉദ്യോഗസ്ഥര്‍ മറ്റൊരു കവാടം തുറന്നപ്പോള്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന ചരിവുള്ള പാത കണ്ടെത്തിയാതുയം ഇതിലൂടെയാണ് ഭൂഗര്‍ഭ ബങ്കറിലേക്ക് പ്രവേശിക്കാനായതെന്നും അധികൃതര്‍ വ്യക്തമാക്കി.

ബങ്കറിനുള്ളില്‍ കഞ്ചാവ് കൃഷിക്കായി ഉപയോഗിച്ചിരുന്ന രണ്ട് വലിയ മുറികളാണ് കണ്ടെത്തിയത്. പരിശോധനയില്‍ ഏകദേശം 2,000 കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു. ഏകദേശം 16 അടി ഉയരവും 2,000 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ളതായിരുന്നു ഭൂഗര്‍ഭ മുറികള്‍. കൃഷിക്ക് ആവശ്യമായ പ്രത്യേക വെളിച്ചം, വായുസഞ്ചാരം, താപനില നിയന്ത്രണം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

കൃഷിയിടത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് വൈദ്യുതി ശൃംഖലയുമായി അനധികൃതമായി ബന്ധിപ്പിച്ചിരുന്ന ഒരു വൈദ്യുത ടവറും അന്വേഷണസംഘം കണ്ടെത്തി. ഏകദേശം നൂറ് വീടുകളില്‍ ഉപയോഗിക്കുന്നതിന് തുല്യമായ വൈദ്യുതിയാണ് രഹസ്യകേന്ദ്രത്തില്‍ ചെലവഴിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സിവില്‍ ഗാര്‍ഡ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ചെറിയ പ്രവേശനവാതിലിലൂടെ ഉദ്യോഗസ്ഥര്‍ ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് കാണാം. കുട്ടികളുടെ കളിസ്ഥലമായി തോന്നിച്ചിരുന്ന കൃത്രിമ പുല്‍ത്തകിടി ഉയര്‍ത്തിയതോടെ താഴേക്ക് പോകുന്ന പ്രവേശനപാതയും പിന്നീട് കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കിടയില്‍ നിരനിരയായി വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മേഖലയിലെ മറ്റൊരു സ്ഥലത്ത് കഞ്ചാവ് കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍ വില്‍ക്കുന്ന വാണിജ്യസ്ഥാപനവും അന്വേഷണസംഘം കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് ഏതാനും ദശലക്ഷം ഡോളര്‍ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

ഈ സ്ഥാപനത്തിന്റെ ഉടമ തന്നെയാണ് ഭൂഗര്‍ഭ കഞ്ചാവ് കൃഷിയിടത്തിന്റെയും ഉടമയെന്നും ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാന നടത്തിപ്പുകാരന്‍ ഇയാളാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഒരു വര്‍ഷത്തിലേറെയായി അന്വേഷണം നടന്നുവരികയായിരുന്നുവെന്ന് സിവില്‍ ഗാര്‍ഡ് അറിയിച്ചു. അറസ്റ്റിലായ അഞ്ചുപേര്‍ക്കും അന്വേഷണവിധേയരായ മറ്റ് മൂന്നുപേര്‍ക്കുമെതിരെ ലഹരിമരുന്ന് കൃഷി, ഉത്പാദനം, വൈദ്യുതി മോഷണം, നിരോധിത ആയുധം അനധികൃതമായി കൈവശംവെക്കല്‍, ക്രിമിനല്‍ സംഘടനയിലെ അംഗത്വം തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

നിയമാനുസൃതമായ സ്ഥാപനങ്ങളുടെയോ സാധാരണ കെട്ടിടങ്ങളുടെയോ മറവില്‍ അത്യാധുനിക ലഹരിമരുന്ന് ഉത്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമായി കണ്ടെത്താറുണ്ട്. ഈ മാസം ആദ്യം നൈജീരിയയിലും വ്യാവസായികാടിസ്ഥാനത്തില്‍ മെത്താംഫെറ്റമിന്‍ ഉത്പാദിപ്പിച്ചിരുന്ന രഹസ്യ ലബോറട്ടറി അധികൃതര്‍ കണ്ടെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്ന ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.