ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അല്‍താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണ ആസൂത്രണത്തില്‍ ഹമാസും ഉണ്ടെന്ന് വിവരവും പുറത്തുവരുന്നു. ആക്രമണത്തിന് മുന്‍പ് ഹമാസ് പാക് അധിനിവേശ കശ്മീരില്‍ രണ്ട് മാസം മുന്‍പ് യോഗം ചേര്‍ന്നതായാണ് സൂചന. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും.
അതേസമയം അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.
ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു
