ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് റോസ് അവന്യൂ കോടതിയില്‍ തിരിച്ചടി. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്നു നിരീക്ഷിച്ച കോടതി കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇ ഡിയോട് നിര്‍ദേശിച്ചു.
കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. മെയ് 2ന് കേസ് വീണ്ടും പരിഗണിക്കാനായി കേസ് മാറ്റിവച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യന്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കേസിനു പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയിരുന്നു.