യു എസിനു വേണ്ടി മൂന്നു പതിറ്റാണ്ടായി ഭീകരരെ പിന്തുണക്കുന്നുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി

യു എസിനു വേണ്ടി മൂന്നു പതിറ്റാണ്ടായി ഭീകരരെ പിന്തുണക്കുന്നുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി


ന്യൂഡല്‍ഹി: ഭീകരരെ മൂന്നു പതിറ്റാണ്ടായി പിന്തുണയ്ക്കുകയും പണം നല്‍കുകയും ചെയ്യുന്നുണ്ടെന്നു പാകിസ്താന്റെ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ വലിയൊരു ചരിത്രം പാക്കിസ്ഥാനുണ്ടെന്നു സമ്മതിക്കുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു പാക് മന്ത്രിയുടെ മറുപടി.

തങ്ങള്‍ ഇത്തരം നീചപ്രവര്‍ത്തനം നടത്തുന്നത് യു എസിനു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. 

ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ചെയ്തിട്ടുണ്ട്. അതു തെറ്റായിരുന്നു. അതുകൊണ്ടു തങ്ങള്‍ അനുഭവിച്ചതായും സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11ന് ശേഷമുള്ള യുദ്ധത്തിലും തങ്ങള്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍ പാക്കിസ്ഥാന്റെ ട്രാക്ക് റെക്കോഡ് കുറ്റമറ്റതായേനെയെന്നും ആസിഫ് വ്യക്തമാക്കി. 

ഇന്ത്യയുമായി തുറന്ന യുദ്ധത്തിനുള്ള സാധ്യതയും ആസിഫ് തള്ളിക്കളയുന്നില്ല. പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഭീകരരെ പിന്തുണയ്ക്കുന്നുണ്ടെന്ന പാക് മന്ത്രിയുടെ തുറന്നുപറച്ചില്‍.