ബംഗളുരു: മകനും ഭാര്യയും നോക്കി നില്‍ക്കെ മതം ചോദിച്ചാണ് ഭീകരര്‍ കര്‍ണാടക സ്വദേശി ഭരത് ഭൂഷണെ(35) വധിച്ചത്. ബെംഗളൂരു സുന്ദര്‍ നഗര്‍ സ്വദേശിയായ ഭരത് ഐടി പ്രൊഫഷണലാണ്. വെടിവയ്ക്കും മുന്‍പ് ഭീകരര്‍ ചോദിച്ചത് 'പേരെന്താണ്?' യുവാവ് മറുപടി പറഞ്ഞു... 'എന്റെ പേര് ഭരത് '. പിന്നാലെ വെടിയുതിര്‍ത്തു.
ശിശുരോഗവിദഗ്ദ്ധയായ ഭാര്യ ഡോ. സുജാതയ്ക്കും മകനുമൊപ്പമാണ് ഭരത് അവധി ആഘോഷിക്കാന്‍ കശ്മീരിലെത്തിയത്. വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭരത് വീട്ടിലേക്ക് വിളിച്ചിരുന്നു. കശ്മീരിന്റെ മനോഹരമായ കാഴ്ചകള്‍ തന്റെ മകന്‍ വിഡിയോ കോളില്‍ കാണിച്ചു തന്നത് അദ്ദേഹത്തിന്റെ പിതാവ് ചെന്നവീരപ്പ വേദനയോടെ ഓര്‍ക്കുന്നു. ബുധനാഴ്ച രാവിലെയാണ് ഭരതിന്റെ മരണവാര്‍ത്ത കുടുംബം അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ നിസ്സാഹയനായ ആ നിമിഷത്തെ കുറിച്ച് അദ്ദേഹം ടൈംസിനോട് സംസാരിച്ചു.
ഭീകരാക്രമണം നടന്ന ദിവസം വൈകുന്നേരം 7 മണിയോടെ ഭരതിന് പരിക്കേറ്റതായും തിരികെ കൊണ്ടുവരാന്‍ കശ്മീരിലേക്ക് പോകുകയാണെന്നും മൂത്ത മകന്‍ പ്രീതം പറഞ്ഞതായി ചെന്നവീരപ്പ പറഞ്ഞു. പരുക്ക് ഗുരുതരമല്ലെന്നും ഭരതിനെ വീട്ടിലേക്ക് കൊണ്ടുവരുമെന്നുമാണ് പറഞ്ഞത്. ചെറിയൊരു ആശ്വാസം തോന്നിയിരുന്നു. അപ്പോളേക്കും ഭരതിന്റെ അമ്മ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ, ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ടില്ല, അദ്ദേഹം പറഞ്ഞു. കുട്ടിയെ തങ്ങള്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ട ഭീകരവാദികള്‍ ഭരതിനോട് പേരും മതവും ചോദിക്കുകയായിരുന്നു, അവന്‍ 'ഭരത് ഭൂഷണ്‍' എന്ന് പറഞ്ഞപ്പോള്‍, അവന്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അവര്‍ ചോദിച്ചു. 'ഹിന്ദു' എന്ന് മറുപടി നല്‍കിയപ്പോള്‍, അവര്‍ അവനെ വെടിവച്ചു,' ചെന്നവീരപ്പ കരഞ്ഞുകൊണ്ട് പറഞ്ഞു.
വെടിവയ്ക്കുംമുമ്പ് ഭീകരര്‍ പേരു ചോദിച്ചു-ഭരത് എന്നു പറഞ്ഞയുടനെ ഭാര്യയ്ക്കും മകനും മുന്നില്‍വെച്ച് കൊല്ലപ്പെട്ടു
