ജപ്പാനെ മറികടന്ന് കാലിഫോര്‍ണിയ ലോകത്തെ നാലാമത്തെ വലിയസമ്പദ് വ്യവസ്ഥയായി

ജപ്പാനെ മറികടന്ന് കാലിഫോര്‍ണിയ ലോകത്തെ നാലാമത്തെ വലിയസമ്പദ് വ്യവസ്ഥയായി


കാലിഫോര്‍ണിയ: ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി ഇനി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയ്ക്ക്. ജപ്പാനെ മറികടന്നാണ് കാലിഫോര്‍ണിയ ഈ നേട്ടം കൈവരിച്ചത്.
കാലിഫോര്‍ണിയയുടെ വളര്‍ച്ച കാണിക്കുന്ന ഐഎംഎഫിന്റെയും യുഎസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റെയും പുതിയ റിപ്പോര്‍ട്ട്  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആണ് പുറത്ത് വിട്ടത്. 2024ല്‍ കാലിഫോര്‍ണിയയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.10 ട്രില്യണ്‍ ഡോളറിലെത്തിയതോടെയാണ് ജപ്പാന് തങ്ങളുടെ സ്ഥാനം നഷ്ടമായത്. കാലിഫോര്‍ണിയ ലോകത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല ചെയ്യുന്നത് , സംസ്ഥാനമാണ് വളര്‍ച്ചയില്‍ സ്വന്തം വേഗത നിശ്ചയിക്കുന്നതെന്ന് ന്യൂസം പറഞ്ഞു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫുകള്‍ക്കെതിരെ ന്യൂസം പ്രതികരിക്കുകയും താരിഫുകള്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശ്വസകരമായ പുതിയ കണക്കുകള്‍ പുറത്തുവന്നത്.

അമേരിക്കയിലെ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഏറ്റവും വലിയ പങ്ക് കാലിഫോര്‍ണിയയില്‍ നിന്നാണ്. പ്രമുഖ സാങ്കേതിക നവീകരണവും, ലോകത്തിലെ വിനോദ വ്യവസായത്തിന്റെ പ്രമുഖ കേന്ദ്രവും, ഒപ്പം രാജ്യത്തെ രണ്ട് വലിയ തുറമുഖങ്ങളും കാലിഫോര്‍ണിയയിലാണ്.  പ്രമുഖ ഡെമോക്രാറ്റും 2028 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള വ്യക്തിയുമായ ന്യൂസം, ആഗോള വിപണികളെയും വ്യാപാരത്തെയും തടസ്സപ്പെടുത്തിയ ലെവികള്‍ ചുമത്താനുള്ള ട്രംപിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഒരു കേസ് ഫയല്‍ ചെയ്തിരുന്നു .

ഉയര്‍ന്ന തീരുവകളില്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചതിന് ശേഷം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും ട്രംപ് 10% തീരുവ ഏര്‍പ്പെടുത്തിയിരുന്നു. മെക്‌സിക്കോയ്ക്കും കാനഡയ്ക്കും 25% ആണ് തീരുവ. പക്ഷെ, ചൈനയ്ക്കുമേലുള്ള ട്രംപിന്റെ നികുതികള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായി ഒരു പൂര്‍ണ്ണമായ വ്യാപാര യുദ്ധത്തിലേക്കാണ അമേരിക്കയെ കൊണ്ടെത്തിച്ചത്. എന്നാല്‍, അമേരിക്കയിലേക്ക് വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145% വരെ ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% നികുതി ചുമത്തി ചൈന അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ വ്യാപാര യുദ്ധം തീവ്രമായി

പുതിയ താരിഫുകള്‍ കൂടി ട്രംപ് ചേര്‍ത്താല്‍, ചില ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 245% വരെ എത്തും. ഈ സാഹചര്യത്തിലാണ് തന്റെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ന്യൂസം രേഖപ്പെടുത്തിയത്. ഈ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ, നിലവിലെ ഫെഡറല്‍ ഭരണകൂടത്തിന്റെ വീണ്ടുവിചാരമില്ലാത്ത താരിഫ് നയങ്ങള്‍ നമ്മുടെ പുരോഗതിക്ക് ഭീഷണിയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കാലിഫോര്‍ണിയയുടെ സമ്പദ്‌വ്യവസ്ഥ രാഷ്ട്രത്തിന് ശക്തി പകരുന്നു, അത് സംരക്ഷിക്കപ്പെടണമെന്നും, അദ്ദേഹം പറഞ്ഞു.

പുതിയ ഡേറ്റയനുസരിച്ച്, കാലിഫോര്‍ണിയയുടെ ജിഡിപി അമേരിക്കയുടെതിനെക്കാള്‍ 29.18 ട്രില്യണ്‍ ഡോളറും, ചൈനയെക്കാള്‍ 18.74 ട്രില്യണ്‍ ഡോളറും, ജര്‍മ്മനിയെക്കാള്‍ 4.65 ട്രില്യണ്‍ ഡോളറുമാണ്. ഈ രാജ്യങ്ങളെക്കാള്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് കാലിഫോര്‍ണിയയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ജനനനിരക്ക് കുറയുകയും, പ്രായമാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതായത് അവിടുത്തെ തൊഴില്‍ ശക്തി ചുരുങ്ങുകയും സാമൂഹിക പരിചരണ ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യുന്നുവെന്ന് അര്‍ത്ഥം.
ഈ ആഴ്ച, ജപ്പാന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ഉയര്‍ന്ന താരിഫുകളുടെ ആഘാതം കാരണം കേന്ദ്ര ബാങ്ക് മുമ്പ് പ്രതീക്ഷിച്ചതിലും സാവധാനത്തിലാണ് പലിശ നിരക്കുകള്‍ ഉയര്‍ത്തുകയെന്നും അറിയിച്ചു. അതേസമയം, ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച താരിഫുകളുടെ ഫലവും അനുബന്ധ അനിശ്ചിതത്വവും പണപ്പെരുപ്പത്തിന് മുകളിലുള്ള വേതന വളര്‍ച്ചയും ഗാര്‍ഹിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യ ഉപഭോഗം ശക്തിപ്പെടുത്തുന്നതിനെ മറികടക്കുന്നു,' എന്ന് വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു.