വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പേരെടുത്തു വിമര്‍ശിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''വ്‌ളാദിമിര്‍, നിര്‍ത്തൂ. ഓരോ ആഴ്ചയും അയ്യായിരം പട്ടാളക്കാരാണ് മരിക്കുന്നത്. സമാധാന ഉടമ്പടി യാഥാര്‍ഥ്യമാക്കൂ'' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. റഷ്യ വ്യാഴാഴ്ച യുക്രെയ്‌നില്‍ നടത്തിയ ആക്രമണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു.
ഇത് അപൂര്‍വ നടപടിയാണെന്നാണ് വിലയിരുത്തല്‍. 'കീവിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യ ആക്രമണമാണത്. ശരിയായ സമയവുമല്ല'', തന്റെ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
യു എസിനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് കീവിനു നേര്‍ക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്‌കി നേരത്തെ പ്രസ്താവിച്ചിരുന്നു. ക്രിമിയയുടെ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടിയാണ് യുക്രെയ്ന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നും അത് റഷ്യയ്ക്ക് അറിയാമെന്നും സെലന്‍സ്‌കി പറഞ്ഞു.
വ്യാഴാഴ്ചത്തെ മിസൈല്‍ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചു കുട്ടികളുള്‍പ്പടെ മുപ്പത്തൊന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം സമാധാന ഉടമ്പടി ഉടനുണ്ടാകുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നെങ്കിലും നാളിതു വരെ അത് സാധ്യമാകാത്തതില്‍ അസ്വസ്ഥനാണ് അദ്ദേഹം.