പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ചുകൊന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരില്‍ രണ്ടുപേരുടെ വീടുകള്‍ തകര്‍ത്തു

പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ചുകൊന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരില്‍ രണ്ടുപേരുടെ വീടുകള്‍ തകര്‍ത്തു


ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ചുകൊന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരില്‍ രണ്ടുപേരുടെ വീടുകള്‍ തകര്‍ത്തു. ഭീകരാക്രമണത്തില്‍ പങ്കാളിയായ ആദില്‍ ഹുസൈന്‍ തോകര്‍, ആസിഫ് ഷേയ്ഖ് എന്നിവരുടെ ജമ്മു കശ്മീരിലെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. വീടിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രണത്തില്‍ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ആദില്‍ ഹുസൈന്‍ തോകര്‍. ആസിഫ് ഷേയ്ഖിന് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്‌നാഗിലെ ബിജ്‌ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തദ്ദേശീയരായ രണ്ട് തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. അഞ്ചുപേരാണ് ഈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

2018ല്‍ വാഗഅട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്താനിലേക്ക് യാത്രചെയ്ത ആദില്‍ ഹുസൈന്‍ തോക്കര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തുംമുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.


2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഏറ്റവും വിനാശകരമായ ഭീകരാക്രമണമാണ് ഏപ്രില്‍ 22 ന്  നടന്നത്.  പഹല്‍ഗാം റിസോര്‍ട്ട് പട്ടണത്തില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസാരന്‍ മെഡോയിലാണ് ആക്രമണം നടന്നത്.