യുഎസ് സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റ്; 27 മരണം; വ്യാപക നാശം

യുഎസ് സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റ്; 27 മരണം; വ്യാപക നാശം


വാഷിംഗ്ടൺ: യു.എസിന്റെ തീരദേശ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കെന്റക്കിയിലാണ് 18 പേർ മരിച്ചത്. ഇവിടെ 10 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റ് കെന്റക്കിയിൽ വ്യാപകമായ നാശത്തിന് കാരണമായി. നൂറു കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങളും നശിച്ചു. നിരവധി പേർക്ക് അഭയം നഷ്ടപ്പെട്ടു.

സംസ്ഥാന പാതകൾ അടച്ചിചിട്ടു. ഇവ തുറക്കാൻ ദിവസങ്ങളെടുത്തേക്കും. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ തിരഞ്ഞ് രക്ഷാപ്രവർത്തകർ രാവും പകലും ദൗത്യത്തിലേർപ്പെട്ടു.

മിസോറിയിൽ അഞ്ച് പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും 5000ത്തിലധികം വീടുകൾ കൊടുങ്കാറ്റിൽ തകർന്നതായും സെന്റ് ലൂയിസ് മേയർ കാര സ്‌പെൻസർ സ്ഥിരീകരിച്ചു. നാഷനൽ വെതർ സർവിസ് പ്രകാരം, സെന്റ് ലൂയിസിന്റെ പ്രാന്തപ്രദേശമായ ക്ലേറ്റണിൽ വീണ്ടും ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് റഡാർ ഡേറ്റ സൂചിപ്പിക്കുന്നു.

സെന്റ് ലൂയിസ് മൃഗശാല സ്ഥിതി ചെയ്യുന്നതും 1904 ലെ വേൾഡ്‌സ് ഫെയറിനും ഒളിമ്പിക് ഗെയിംസിന് വേദിയായ ചരിത്ര സ്ഥലമായ ഫോറസ്റ്റ് പാർക്കിന് ചുറ്റുമുള്ള പ്രദേശത്താണ് ഇതിനകം കാറ്റ് ആഞ്ഞടിച്ചത്. ഓരോ വർഷവും യു.എസിലുടനീളം 1,200ത്തോളം കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ പറയുന്നു.